ഫിലിപ്പീന്‍സില്‍ പ്രധാന മേഖലകളില്‍ വളര്‍ച്ചയ്ക്ക് പദ്ധതിയിട്ട് ഹിന്ദുജ ഗ്രൂപ്പ്

ഫിലിപ്പീന്‍സില്‍ പ്രധാന മേഖലകളില്‍ വളര്‍ച്ചയ്ക്ക് പദ്ധതിയിട്ട് ഹിന്ദുജ ഗ്രൂപ്പ്
Published on

കൊച്ചി: ഫിലിപ്പീന്‍സ് പ്രസിഡന്റ ഫെര്‍ഡിനാണ്ട് മാര്‍ക്കോസ് ജൂനിയര്‍ നടത്തിയ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹിന്ദുജ ഗ്രൂപ്പിന്റെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. ഫിലിപ്പീന്‍സിലെ പ്രതിരോധം, ഊര്‍ജം, ഓട്ടോമോട്ടീവ്, ഡിജിറ്റല്‍ സാങ്കേതികവിദ്യ മേഖലകളിലായി കൂടുതല്‍ നിക്ഷേപം നടത്താന്‍ ഹിന്ദുജ ഗ്രൂപ്പിനെ പ്രസിഡന്റ് ക്ഷണിച്ചു. ഫിലിപ്പീന്‍സിലുള്ള ഹിന്ദുജ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനായി ഹിന്ദുജ ഗ്ലോബല്‍ സൊലൂഷന്‍സ് ഫിലിപ്പീന്‍ സര്‍ക്കാരുമായി ലെറ്റര്‍ ഓഫ് ഇന്റന്റ് ഒപ്പുവെച്ചു. ഷോം ഹിന്ദുജയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് കൂടിക്കാഴ്ച നടത്തിയത്.

1998 മുതല്‍ ഹിന്ദുജ ഗ്രൂപ്പ് ഫിലിപ്പീന്‍ നാഷണല്‍ ഓയില്‍ കമ്പനിയുമായി ചേര്‍ന്ന് ഗള്‍ഫ് ഓയില്‍ ഫിലിപ്പീന്‍സ് എന്ന ഹൈടെക് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഗള്‍ഫ് ബ്രാന്‍ഡിന്റെ ല്യൂബ്രിക്കന്റുകളുടേയും മറ്റ് ഉല്‍പ്പന്നങ്ങളുടേയും നിര്‍മ്മാണവും വിതരണവും ഇവിടെ നിന്നാണ്.

2003ല്‍ ഫിലിപ്പീന്‍സില്‍ പ്രവര്‍ത്തനം ആംരഭിച്ച ഹിന്ദുജ ഗ്ലോബല്‍ സൊലൂഷന്‍സ് ഇന്ന് മനില എന്‍സിആര്‍, ഇലോയിലോ, സെബു എന്നിവിടങ്ങളിലായി 3,500ലധികം ജീവനക്കാരോടു കൂടി ഡെലിവറി സെന്ററുകള്‍ നടത്തുന്നുണ്ട്. ലെറ്റര്‍ ഓഫ് ഇന്റന്റ് ഒപ്പുവെച്ചതിനു പിന്നാലെ ഫിലിപ്പീന്‍സിലെ ഉപഭോക്തൃ അനുഭവം, ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

വിദഗ്ദ തൊഴിലാളികള്‍, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, എഐ അടിസ്ഥാനമാക്കാക്കിയുള്ള പരിഹാരങ്ങള്‍ എന്നിവയിലൂടെ വരും വര്‍ഷങ്ങളില്‍ വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഹിന്ദുജ ഗ്രൂപ്പ് പദ്ധതിയിടുന്നത്.

ഫിലിപ്പീന്‍സില്‍ പുതിയ നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രസിഡന്റ് മാര്‍ക്കോസ് ജൂനിയര്‍ നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും പ്രതിരോധം, ഡിജിറ്റല്‍ സാങ്കേതികവിദ്യ, ഊര്‍ജം, ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുന്ന ഓട്ടോമോട്ടീവ് സെക്ടര്‍ എന്നിവയിലായി ഗ്രൂപ്പിന് നിരവധി പുതിയ അവസരങ്ങള്‍ ഉണ്ടെന്നും ഹിന്ദുജ ഗ്രൂപ്പിന്റെ ആള്‍ട്ടര്‍നേറ്റീവ് എനര്‍ജി ആന്റ് സസ്റ്റൈനബിളിറ്റി വിഭാഗം പ്രസിഡന്റും ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്റ്‌സ്, അശോക് ലെയലന്റ് കമ്പനികളുടെ ബോര്‍ഡ് അംഗവുമായ ഷോം ഹിന്ദുജ പറഞ്ഞു.

അശോക് ലെയലാന്‍ഡിന്റെ ആദ്യഘട്ട 50 എല്‍സിവികള്‍ (ലഘു വാണിജ്യ വാഹനങ്ങള്‍) ഫിലിപ്പീന്‍സില്‍ തന്നെ അസംബിള്‍ ചെയ്ത് വിതരണം ചെയ്യുന്നതിന്റെ വിവരങ്ങള്‍ പ്രസിഡന്റുമായി പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com