ആഗ്ര: ലോകമൊട്ടാകെയുള്ള സഞ്ചാരികൾ എത്തുന്ന താജ് മഹലിൽ ഷാജഹാൻ ചക്രവർത്തിയുടെ 371-ാമത് ഉറൂസ് ആഘോഷങ്ങൾ നടത്തുന്നതിനെതിരെ അഖില ഭാരത ഹിന്ദു മഹാസഭ പ്രതിഷേധം ശക്തമാക്കി. ഈ മാസം 15, 16, 17 തീയതികളിൽ നിശ്ചയിച്ചിട്ടുള്ള ഉറൂസ് ആഘോഷങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ആഗ്രയിലെ സൂപ്രണ്ടിങ് ആർക്കയോളജിസ്റ്റിന്റെ ഓഫീസിലേക്കാണ് സംഘടന മാർച്ച് നടത്തിയത്.(Hindu Mahasabha holds protest march on Shah Jahan's Urs at Taj Mahal)
താജ് മഹൽ മുഗൾ ചക്രവർത്തി നിർമ്മിച്ചതല്ലെന്നും അത് പുരാതനമായ 'തേജോ മഹാലയ' എന്ന ശിവക്ഷേത്രമാണെന്നുമാണ് ഹിന്ദു മഹാസഭയുടെ വാദം. ഇതിന്റെ ഭാഗമായി ശിവരൂപം ധരിച്ച ഒരാളും മാർച്ചിൽ പങ്കെടുത്തിരുന്നു.
താജ് മഹലിനുള്ളിലെ അടച്ചിട്ട മുറികൾ തുറന്ന് പരിശോധിക്കണമെന്നും ഇവർ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ഉറൂസ് ആഘോഷങ്ങൾ ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കമാണെന്നാണ് സംഘടനയുടെ ആരോപണം.
പ്രതിഷേധങ്ങൾക്കിടയിലും ഖുദ്ദാം-ഇ-റോസ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉറൂസ് ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരികയാണ്. ഉറൂസിനോടനുബന്ധിച്ച് ജനുവരി 15, 16 തീയതികളിൽ ഉച്ചയ്ക്ക് 2 മണി മുതലും, ജനുവരി 17-ന് പൂർണ്ണമായും സഞ്ചാരികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും.