

മൃഗങ്ങൾക്ക് നേരെ മനുഷ്യർ നടത്തുന്ന ക്രൂരതകൾക്കിടയിൽ മനസിന് കുളിർമ്മ നൽകുന്ന ഒരു വാർത്തയാണ് ഹിമാലയത്തിലെ സൈനിക കേന്ദ്രത്തിൽ നിന്നും വരുന്നത്. ഹിമാലയത്തില്‍ ഒരു ലോഹ പാത്രത്തില്‍ തല കുടുങ്ങിയ കരടിക്കുട്ടിയെ രക്ഷിക്കുന്ന ഇന്ത്യൻ സൈനികരുടെ വീഡിയോയാണ് ഇപ്പോൾ ജന ശ്രദ്ധ നേടുന്നത്. (Bear Rescue)
ഹിമാലയൻ മലനിരകൾക്കിടയിൽ കാനിസ്റ്ററിൽ തല കുടുങ്ങി എങ്ങോട്ട് പോകണം, എന്ത് ചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുകയായിരുന്നു ഒരു ഹിമാലയന്‍ തവിട്ട് കരടി. ഇത് കണ്ട ഇന്ത്യൻ സൈനികർ പിന്നെ ഒട്ടും വൈകാതെ കരടിയെ രക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ നോക്കുകയായിരുന്നു. കാനിസ്റ്റര്‍ തലയില്‍ നിന്നും നീക്കുന്നതിനു മുന്‍പ് കരടിയെ കയറുകൊണ്ട് ബന്ധിപ്പിക്കുകയാണ് ആദ്യം ചെയ്തത്. ആക്രമിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ശരീരത്തില്‍ കയര്‍ കെട്ടി. പിന്നീട് കരടിയെ സൈനികരുടെ താവളത്തിലേക്ക് മാറ്റി.
തലയില്‍ നിന്നും വലിച്ചെടുക്കാന്‍ കഴിയാത്തതിനാല്‍ കാനിന്റെ മുറിച്ചെടുക്കുകയാണ് ചെയ്തത്. തല മോചിതമായപ്പോള്‍ കരടി കണ്ടത് ചുറ്റും നില്‍ക്കുന്ന മനുഷ്യരെയാണ്. രക്ഷപ്പെടാനായി സൈനികരെ ആക്രമിക്കാന്‍ മുന്നോട്ട് പാഞ്ഞെങ്കിലും ബന്ധിപ്പിച്ചതിനാല്‍ പരാജയപ്പെട്ടു. വൈകാതെ കരടിയെ സൈനികര്‍ മഞ്ഞുമലയില്‍ തുറന്നുവിടുകയും ചയ്തു.