ഷിംല: ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ എട്ട് യാത്രക്കാർ കൊല്ലപ്പെട്ടു. കുപ്വിയിൽ നിന്ന് ഷിംലയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 25 പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഹരിപ്പുർധറിന് സമീപമാണ് അപകടമുണ്ടായത്. മലയോര പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് നൂറ് മുതൽ 200 അടി വരെ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.അപകടസ്ഥലത്ത് പോലീസും പ്രാദേശിക ഭരണകൂടവും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. താഴ്ചയുള്ള പ്രദേശമായതിനാൽ പരിക്കേറ്റവരെ പുറത്തെടുക്കുന്നത് ഏറെ ദുഷ്കരമായിരുന്നു.
പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെങ്കിലും പ്രതികൂല കാലാവസ്ഥയോ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോ ആവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.