
ഹൈദരാബാദ്: പശമൈലാറമിലെ ഫാർമസ്യൂട്ടിക്കൽ യൂണിറ്റിലെ അപകടത്തിന് കാരണം സ്പ്രേ ഡ്രയറിലെ താപനില ഉയർന്നതാണെന്ന് റിപ്പോർട്ട്(chemical factory blast). സ്പ്രേ ഡ്രയറിൽ വൻ തോതിൽ താപനില ഉയർന്നതാണ് മൈക്രോക്രിസ്റ്റലിൻ സെല്ലുലോസ് ഡ്രൈയിംഗ് യൂണിറ്റിലെ സ്ഫോടനത്തിന് കാരണമെന്നാണ് അധികൃതർ പ്രാഥമികമായി വിലയിരുത്തിയത്.
കൃത്യമായ ഇടവേളകളിൽ സ്പ്രേ ഡ്രയറുകൾ വൃത്തിയാകേണ്ടതുണ്ട്. എന്നാൽ ശരിയായ രീതിയിൽ വൃത്തിയാക്കാത്തതാണ് സ്പ്രേ ഡ്രയറിൽ താപനില ഉയരാൻ കാരണമായതെന്നും അധികൃതർ ചൂണ്ടി കട്ടി. സ്ഫോടനം നടക്കുമ്പോൾ താപനില 700-800 ഡിഗ്രി സെൽഷ്യസ് വരെ ആയിരുന്നു. ഇതാണ് സ്‌ഫോടനത്തിന് ഇടയാക്കിയത്.
കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് സംഗറെഡ്ഡി ജില്ലയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ തീ പിടിത്തമുണ്ടായത്. അപകടത്തിൽ 36 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിൽ മൂന്ന് നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുകയാണ്.