

ഡല്‍ഹി: മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയില്‍ വളരെ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. മനുഷ്യവിസര്‍ജ്യത്തിൽ കാണപ്പെടുന്നതാണ് കോളിഫോം ബാക്ടീരിയയെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി. പരിശോധന നടത്തിയ നദിയിലെ എല്ലായിടത്തും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കുംഭമേളയോടനുബന്ധിച്ച് ലക്ഷക്കണക്കിന് ആളുകളാണ് ഗംഗാനദിയില്‍ പുണ്യസ്‌നാനം നടത്തിയത്.
ഗംഗയില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ വിവരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. ട്രൈബ്യൂണല്‍ ചെയര്‍ പേഴ്‌സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, വിദഗ്ധ അംഗമായ എ. സെന്തില്‍ വേല്‍ എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.