ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി എംഎൽഎയുമായ അതിഷിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ് അയച്ച് ഹൈക്കോടതി. കൽകാജി മണ്ഡലത്തിലെ വിജയം തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തി നേടിയതാണെന്നും മുഖ്യമന്ത്രി പദം ദുരുപയോഗം ചെയ്തെന്നും ആരോപിച്ചുള്ള ഹർജിയിലാണ് ഹൈക്കോടതി, അതിഷിക്കും ഡൽഹി പൊലീസിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചത്.
അതിഷിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട്, കൽകാജിയിലെ വോട്ടർമാരായ കമൽജിത് സിങ് ദഗ്ഗൽ, ആയുഷ് റാണ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ജസ്റ്റിസ് ജ്യോതി സിങ്ങിന്റെ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഹർജി വീണ്ടും ജൂലൈ 30ലേക്ക് പരിഗണിക്കാനായി മാറ്റി. ആവശ്യമായ രേഖകൾ അന്ന് ഹാജരാക്കണമെന്നും കോടതിനിർദ്ദേശിച്ചു.
അതേസമയം, തങ്ങളെ ഹർജിയിൽ കക്ഷി ചേർക്കുന്നതിനെ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഡൽഹി പൊലീസിന്റേയും അഭിഭാഷകർ എതിർത്തു. എതിർപ്പുണ്ടെങ്കിൽ മറുപടി ഫയൽ ചെയ്യാൻ കോടതി അഭിഭാഷകരോട് ആവശ്യപ്പെട്ടു. വാദം കേൾക്കുമ്പോൾ ഇക്കാര്യം ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു.
കൽകാജിയിൽ ബിജെപി നേതാവ് രമേശ് ബിധുഡിയെ 35,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അതിഷി വിജയിച്ചത്. മുൻ മുഖ്യമന്ത്രിയും ആംആദ്‌മി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ള നേതാക്കൾ പരാജയപ്പെട്ടപ്പോഴാണ് അതിഷി വിജയിച്ചത്. നിലവിൽ ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് അതിഷി.