
ബെംഗളൂരു: വനിതാ സഹപ്രവര്‍ത്തകരുടെ ശൗചാലയത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇന്‍ഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ. ഇന്‍ഫോസിസില്‍ സീനിയര്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന നാഗേഷ് സ്വപ്‌നില്‍ മാലി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിൽ ടെക്നിക്കൽ ടെസ്റ്റ് ലീഡായി ജോലി ചെയ്യുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് ഉണ്ടായത്.
ബെംഗളൂരുവിലെ ഇന്‍ഫോസിസ് കാമ്പസിലുള്ള ശൗചാലയത്തിലെ ദൃശ്യങ്ങളാണ് പ്രതി പകര്‍ത്തിയത്. ജൂണ്‍ 30ന് കമ്പനിയുടെ ഇലക്ട്രോണിക് സിറ്റി ഓഫീസിലാണ് സംഭവം നടന്നത്. ശൗചാലയം ഉപയോഗിക്കുന്നതിനിടെ ഒരു നിഴല്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അടുത്തുള്ള ക്യൂബിക്കിളില്‍ നിന്ന് ഒരാള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായി കണ്ടെത്തിയെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു.
ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോൾ ഇയാള്‍ വിവസ്ത്രനായിരുന്നു എന്നും പരാതിയില്‍ പറയുന്നു. ഉടന്‍ താന്‍ വാഷ്റൂമില്‍ നിന്ന് പുറത്തേക്കിറങ്ങി ഓടി സഹപ്രവര്‍ത്തകരെ കാര്യങ്ങള്‍ അറിയിച്ചു. അവര്‍ ചേര്‍ന്ന് നാഗേഷിനെ തടഞ്ഞുവെച്ചു.
മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോൾ വീഡിയോ ലഭിച്ചു.പരാതിക്കാരിയുടെ ഒരു വീഡിയോയും, മറ്റൊരു ജീവനക്കാരിയുടെ വീഡിയോയും, ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത 50ല്‍ അധികം വീഡിയോകളും ലഭിച്ചത്. വീഡിയോയുടെ ഒരു സ്‌ക്രീന്‍ഷോട്ട് തെളിവായി എടുത്തെന്നും ഒറിജിനല്‍ ഫയല്‍ ഡിലീറ്റ് ചെയ്‌തെന്നും പൊലീസ് പറഞ്ഞു.