മൈസൂരു: തിരക്കേറിയ മൈസൂരു കൊട്ടാരത്തിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ബലൂൺ വിൽപനക്കാരനാണ് മരിച്ചതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി 8.45-ഓടെ കൊട്ടാരത്തിന്റെ ജയമാർത്താണ്ഡ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്.(Helium cylinder explodes near Mysore Palace, One person dies tragically)
ക്രിസ്മസ് ആഘോഷങ്ങളുടെയും അവധി ദിനത്തിന്റെയും ഭാഗമായി കൊട്ടാരം കാണാൻ നൂറുകണക്കിന് ആളുകൾ എത്തിയ സമയത്തായിരുന്നു സ്ഫോടനം. പോപ്കോൺ, നിലക്കടല, ഗ്യാസ് ബലൂണുകൾ എന്നിവ വിൽക്കുന്ന കച്ചവടക്കാർ തിങ്ങിനിറഞ്ഞ ഭാഗത്താണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.
ബലൂൺ വിൽപനക്കാരൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരു മരണം കൂടി ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ പരിക്കേറ്റ നാല് പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ബോംബ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും പ്രദേശത്ത് വിശദമായ പരിശോധന നടത്തി.