കശ്മീരിൽ കനത്ത മഞ്ഞു വീഴ്ചയ്ക്ക് സാധ്യത: സോജില പാസ് ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് യാത്ര ഒഴിവാക്കാൻ നിർദ്ദേശം | Snowfall
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾ ഈ മാസം 20 മുതൽ 22 വരെ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും സാധ്യതയുള്ളതിനാൽ സോജില പാസ് ഉൾപ്പെടെയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രകൾ ഈ ദിവസങ്ങളിൽ ഒഴിവാക്കണമെന്നാണ് കർശന നിർദ്ദേശം. (Heavy snowfall likely in Kashmir, Travel advice to avoid places including Zojila Pass)
താഴ്‌വരയിൽ ശീതക്കാറ്റ് ശക്തമായി തുടരുകയാണ്. ശ്രീനഗർ, പഹൽഗാം, ഗുൽമാർഗ് എന്നിവിടങ്ങളിൽ താപനില ക്രമാതീതമായി കുറഞ്ഞു. പലയിടങ്ങളിലും കുറഞ്ഞ താപനില 1 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയായി താഴ്ന്നിട്ടുണ്ട്. കനത്ത തണുപ്പ് കാരണം ശ്രീനഗറിലെ ദാൽ തടാകം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പുലർച്ചെ മൂടൽമഞ്ഞിൽ മുങ്ങിക്കിടക്കുകയാണ്. ഇത് കാഴ്ചപരിധി കുറയ്ക്കുന്നതിനാൽ വാഹനയാത്രക്കാർക്കും വെല്ലുവിളിയാകുന്നുണ്ട്.
പകൽ സമയത്ത് താപനില 8 ഡിഗ്രി സെൽഷ്യസ് മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നത് മാത്രമാണ് നിലവിൽ ചെറിയ ആശ്വാസം നൽകുന്നത്. പ്രതികൂല കാലാവസ്ഥയും തണുപ്പും വർദ്ധിച്ചിട്ടും മഞ്ഞുവീഴ്ച ആസ്വദിക്കാനായി വിനോദസഞ്ചാരികൾ വൻതോതിൽ കശ്മീരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
വരും ദിവസങ്ങളിലും ടൂറിസം മേഖലയിൽ ഈ തിരക്ക് തുടരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എങ്കിലും, മഞ്ഞുവീഴ്ച മൂലം റോഡുകൾ തടസ്സപ്പെടാനും അപകടങ്ങൾക്കും സാധ്യതയുള്ളതിനാലാണ് അതീവ ജാഗ്രത പാലിക്കാൻ ടൂറിസം വകുപ്പും പോലീസും നിർദ്ദേശിച്ചിരിക്കുന്നത്.
