
അമൃത്സർ: പഞ്ചാബിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുന്നു(flood). ഇതുവരെ 6,600-ലധികം പേരെ ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. അമൃത്സറിലെ രാംദാസിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാൻ ഓൾ-ടെറൈൻ ഓഫ്-റോഡ് (ATOR) വാഹനങ്ങളും ബോട്ടുകളും ഉപയോഗിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദുരിത ബാധിത പ്രദേശങ്ങളിൽ മരുന്നുകൾ, ഉണങ്ങിയ ഭക്ഷണം, കുപ്പിവെള്ളം എന്നിവ ഡ്രോണുകൾ വഴിയാണ് വിതരണം ചെയ്തത്.
അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കാബിനറ്റ് മന്ത്രിമാർ, പാർട്ടി എംഎൽഎമാർ തുടങ്ങിയവർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, സംസ്ഥാനത്തിന് പ്രത്യേക ദുരിതാശ്വാസ പാക്കേജ് നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് വിവരം.