
ചെന്നൈ: തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോയമ്പത്തൂരിലും നീലഗിരിയിലും അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ , 'ഓറഞ്ച് അലേർട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്'.
വടക്കൻ ആന്ധ്രാ തീരത്ത്, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒരു അന്തരീക്ഷ മുകൾത്തട്ടിലുള്ള ന്യൂനമർദ്ദം നിലനിൽക്കുന്നു.
ഇതുമൂലം ഇന്ന് തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ ചില സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് പറയുന്നു.
കോയമ്പത്തൂർ, നീലഗിരി ജില്ലകളിലെ ചില സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്; ഇതിനായി 'ഓറഞ്ച് അലേർട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്. തിരുനെൽവേലി, തേനി, ദിണ്ടിഗൽ, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
കോയമ്പത്തൂർ, തിരുനെൽവേലി, നീലഗിരി ജില്ലകളിൽ നാളെ അതിശക്തമായ മഴയ്ക്കും, തേനി, ദിണ്ടിഗൽ, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ നാളെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ, ജൂൺ 16 വരെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ട്.
ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചില സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.