

ചെന്നൈ: തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്ന് മഴ കനക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ ഉൾപ്പെടെ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.(Heavy rain in Tamil Nadu today, Red alert in 8 districts)
കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും ഡെൽറ്റ മേഖലയിലും ഇന്ന് ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. തമിഴ്‌നാട്ടിൽ മഴക്കെടുതിയിൽ ഇതുവരെ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. പുതുച്ചേരി, കടലൂർ, വില്ലുപുരം തുടങ്ങിയ സ്ഥലങ്ങളിൽ രാത്രിയിൽ കനത്ത മഴ ലഭിച്ചു.
തെക്കൻ തമിഴ്‌നാട്, ഡെൽറ്റ മേഖലകളിൽ മഴയുടെ ശക്തി ഇന്ന് കുറയാനിടയുണ്ടെങ്കിലും, വടക്കൻ തീരദേശ തമിഴ്‌നാട്ടിൽ മഴയുടെ തീവ്രത വർദ്ധിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ മണിക്കൂറുകളിൽ ചെന്നൈയുടെ ചില ഭാഗങ്ങളിൽ വ്യാപകമായി മഴ പെയ്യുന്നുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈ അടക്കം 16 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇതിൽ 13 ജില്ലകളിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയാണ്:
സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി: ട്രിച്ചി, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, റാണിപ്പേട്ട്, വില്ലുപുരം, കടലൂർ, തഞ്ചാവൂർ, മയിലാടുതുറൈ, തിരുവാരൂർ, കല്ലുറിച്ചി, ശിവഗംഗ, കാരയ്ക്കൽ.
സ്‌കൂളുകൾക്ക് മാത്രം അവധി: ചെന്നൈ, പെരമ്പല്ലൂർ, സേലം.
വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അഞ്ച് തെക്കൻ ജില്ലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.