ന്യൂഡൽഹി: അതിശൈത്യവും കനത്ത മൂടൽമഞ്ഞും കാരണം ഉത്തരേന്ത്യയിൽ വ്യോമ-ഗതാഗത സംവിധാനങ്ങൾ താറുമാറായി. ഡൽഹി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് സർവീസുകൾ വൈകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി.(Heavy fog in North India, Flights likely to be delayed)
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി വിമാനങ്ങളുടെ കൃത്യമായ സമയം ഓൺലൈനായി പരിശോധിക്കണം. മിക്ക സർവീസുകളും റദ്ദാക്കാനോ സമയം മാറ്റാനോ സാധ്യതയുള്ളതിനാൽ എയർലൈൻ അധികൃതരുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പുവരുത്തണം.
മൂടൽമഞ്ഞ് കാരണം റോഡ്-റെയിൽ ഗതാഗതവും തടസ്സപ്പെട്ടിരിക്കുന്നതിനാൽ വിമാനത്താവളത്തിലേക്ക് എത്തുന്നവർ അധിക സമയം മുൻകൂട്ടി കണ്ട് യാത്ര തുടങ്ങണം.
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാഴ്ചപരിധി വളരെ കുറവായതിനാൽ Category-III സംവിധാനം ഉപയോഗിച്ചാണ് നിലവിൽ ലാൻഡിംഗുകൾ നടത്തുന്നത്. ഇത് കുറഞ്ഞ കാഴ്ചപരിധിയിലും വിമാനം ഇറക്കാൻ സഹായിക്കുമെങ്കിലും വലിയ തോതിലുള്ള തിരക്കിനും സമയക്രമം മാറുന്നതിനും കാരണമാകുന്നു.
കനത്ത പുകമഞ്ഞും (Smog) വായു മലിനീകരണവും കാഴ്ചപരിധി ഇനിയും കുറയ്ക്കാൻ ഇടയാക്കുന്നുണ്ട്. വിമാന സർവീസുകൾക്ക് പുറമെ ഡൽഹിയിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകളും നിലവിൽ വൈകിയാണ് ഓടുന്നത്.