
ബെംഗളൂരു: കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ അടുത്തിടെയുണ്ടായ ഹൃദയാഘാത മരണങ്ങള്‍ക്കു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. മരണങ്ങള്‍ക്ക് കോവിഡ്-19 അണുബാധയോ കോവിഡ് വാക്‌സിനുകളോ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് സമിതി വ്യക്തമാക്കി. ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും നേരത്തേ കോവിഡ് വാക്‌സിനും ഹൃദയാഘാതം മൂലമുള്ള മരണങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
സമിതിയുടെ പഠനത്തില്‍, കോവിഡ്-19 വാക്‌സിനുകള്‍ ദീര്‍ഘകാലത്തേക്ക് ഹൃദ്രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പഠനങ്ങളും ഈ കണ്ടെത്തലിനെ പിന്തുണയ്ക്കുന്നുണ്ട്.
ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ വര്‍ദ്ധിച്ചതിന് പിന്നില്‍ ഒരൊറ്റ കാരണമല്ലെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. പെരുമാറ്റപരവും ജനിതകപരവും പാരിസ്ഥിതികവുമായ നിരവധി അപകടസാധ്യതകള്‍ ഇതിന് കാരണമാകാമെന്നാണ് റിപ്പോർട്ട്. കോവിഡ് പാന്‍ഡെമിക് കഴിഞ്ഞ് മൂന്ന് വര്‍ഷമായതിനാല്‍, ഇപ്പോള്‍ നടക്കുന്ന ഹൃദയാഘാതങ്ങള്‍ കോവിഡ് അണുബാധയോ വാക്‌സിനേഷനോ മൂലമല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.