

ന്യൂഡൽഹി: കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഹൈക്കമാൻഡ് വിളിച്ചുചേർത്ത കെപിസിസി ഭാരവാഹികളുടെ യോഗത്തിൽ ശശി തരൂരിന്റെ അസാന്നിധ്യം ചർച്ചയായി. കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ തന്നെ അവഗണിച്ചു എന്ന തരൂരിന്റെ പരാതി വെറും തോന്നൽ മാത്രമാണെന്ന് രാഹുൽ ഗാന്ധി സംസ്ഥാന നേതൃത്വത്തോട് വ്യക്തമാക്കി.(Haven't ignored Shashi Tharoor, Rahul Gandhi clarifies)
മഹാപഞ്ചായത്തിൽ പങ്കെടുക്കേണ്ട നേതാക്കളുടെ പട്ടികയിൽ തനിക്ക് ലഭിച്ച ലിസ്റ്റിൽ ശശി തരൂരിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതുകൊണ്ട് തന്നെ മനഃപൂർവ്വമായ അവഗണന ഉണ്ടായിട്ടില്ലെന്നാണ് രാഹുലിന്റെ പക്ഷം. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാണ് തരൂർ ഡൽഹിയിലെ യോഗത്തിൽ പങ്കെടുക്കാത്തതെന്ന് പറഞ്ഞ് സംസ്ഥാന നേതാക്കൾ ഒഴിഞ്ഞുമാറുകയായിരുന്നു.
വയനാട് ലക്ഷ്യ ക്യാമ്പിൽ തരൂർ മറ്റ് നേതാക്കൾക്കൊപ്പം സജീവമായി പങ്കെടുത്തതോടെ പാർട്ടിക്കുള്ളിലെ ഭിന്നതകൾ പരിഹരിക്കപ്പെട്ടെന്ന സന്ദേശമാണ് ലഭിച്ചിരുന്നത്. എന്നാൽ കൊച്ചിയിലെ മഹാപഞ്ചായത്തോടെ കാര്യങ്ങൾ വീണ്ടും കുഴഞ്ഞു.