

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ 17 വയസുകാരൻ തന്റെ പിതാവിന്റെ ലൈസൻസുള്ള തോക്കുപയോഗിച്ചു തന്റെ സഹപാടിക്ക് നേരെ വെടിയുതിർത്തു. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രതിയേയും സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു. 2 പ്രതികളും വെടികൊണ്ട കുട്ടിയും സ്ഥലത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. ആക്രമിക്കപ്പെട്ട കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. (Crime)
നവംബർ 8ന് ഫ്ലാറ്റിൽ ഒരു കുട്ടി വെടി കൊണ്ട് കിടക്കുന്നതായി ഫോൺ കാൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. പോലീസ് സ്ഥലത്തെത്തിയപ്പോഴത്തേക്കും കുട്ടിയുമായി വീട്ടുകാർ ഹോസ്പിറ്റലിലേക്ക് പോയി കഴിഞ്ഞിരുന്നു. ഇരയുടെ അമ്മയുടെ മൊഴി അനുസരിച്ചു നവംബർ 8ന് മകനെ കാണണം എന്ന് ആവശ്യപ്പെട്ടു രണ്ടു സുഹൃത്തുക്കൾ വിളിച്ചിരുന്നു. പോകാൻ വിസമ്മതിച്ചപ്പോൾ അവിടെ വന്നു വിളിച്ചു കൊണ്ട് പോകാം എന്ന് പറഞ്ഞു സുഹൃത്ത് സമ്മർദ്ദം ചെലുത്തി. തുടർന്ന് കുട്ടി അവർ പറഞ്ഞ സ്ഥലത്തേക്ക് എത്തുകയും അവനെയും കൊണ്ട് പ്രതികൾ ഫ്ലാറ്റിലേക്ക് പോകുകയുമായിരുന്നു. അവിടെ വച്ചാണ് കുട്ടിയെ പ്രതികൾ ആക്രമിച്ചത്. കേസിന്റെ കൂടുതൽ അന്വേഷണവും നടപടികളും പുരോഗമിക്കുകയാണ്.