മുംബൈ: ബിസിനസുകാരൻ സൊഹൈൽ ഖതുരിയയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ പോസിറ്റീവ് സന്ദേശവുമായി നടി ഹൻസിക മോട്‌വാനി (Hansika Motwani Divorce). മുംബൈ കുടുംബ കോടതി വിവാഹമോചനം ഔദ്യോഗികമായി അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ തന്റെ മനസ്സ് തുറന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിഞ്ഞത്.
“ചർദി കല ഓൾവേയ്സ്” എന്ന വാചകമാണ് ഹൻസിക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. പഞ്ചാബി സംസ്കാരത്തിലും തത്വശാസ്ത്രത്തിലും വളരെ പ്രാധാന്യമുള്ള ഒരു വാചകമാണിത്. എത്ര വലിയ പ്രതിസന്ധികൾക്കിടയിലും പോസിറ്റീവ് ആയി ഇരിക്കുക, തളരാതെ മുന്നോട്ട് പോവുക എന്നാണ് ഈ വാക്കുകൾ അർത്ഥമാക്കുന്നത്. തന്റെ വ്യക്തിജീവിതത്തിലെ വലിയൊരു മാറ്റത്തെ പക്വതയോടെയാണ് താരം നേരിടുന്നത് എന്നതിന്റെ സൂചനയായാണ് ആരാധകർ ഇതിനെ കാണുന്നത്.
മാർച്ച് 11-നാണ് മുംബൈയിലെ ബാന്ദ്ര ഫാമിലി കോടതി ഇരുവരുടെയും വിവാഹമോചന ഹർജിയിൽ വിധി പറഞ്ഞത്. നാല് വർഷം നീണ്ട ബന്ധമാണ് ഇതോടെ അവസാനിച്ചത്. ഹൻസികയുടെ ഭാഗത്തുനിന്ന് സൊഹൈലിനെതിരെ ജീവനാംശമോ മറ്റ് സാമ്പത്തിക സഹായങ്ങളോ ആവശ്യപ്പെട്ടിട്ടില്ലെന്ന് നടിയുടെ അഭിഭാഷകർ വ്യക്തമാക്കി. സമാധാനപരമായും അന്തസ്സോടെയും ബന്ധം അവസാനിപ്പിക്കുക എന്നതായിരുന്നു ഹൻസികയുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
2022 ഡിസംബറിൽ ജയ്പൂരിലെ മുണ്ടോട്ട ഫോർട്ട് കൊട്ടാരത്തിൽ വെച്ച് അതീവ ആഡംബരത്തോടെയായിരുന്നു ഇവരുടെ വിവാഹം. സൊഹൈലിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി ബജാജ് ആയിരുന്നു സൊഹൈലിന്റെ ആദ്യ ഭാര്യ. ഇത് അന്ന് വലിയ മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. മലയാളത്തിൽ മോഹൻലാൽ നായകനായ ‘വില്ലൻ’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ഹൻസിക ചെയ്തിട്ടുണ്ട്. ‘ഗാർഡിയൻ’ എന്ന ത്രില്ലർ ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.
Summary: Actress Hansika Motwani shared a positive message on Instagram, “Chardi Kala always,” following the finalization of her divorce from businessman Sohael Khaturiya. The Mumbai Family Court granted the divorce by mutual consent after their four-year relationship ended.

