ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ഒരു സമ്പൂർണ യാത്രാവിമാനം നിർമ്മിക്കുന്നതിന് വഴിയൊരുക്കിക്കൊണ്ട് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനുമായി (യുഎസി) ധാരണാപത്രം ഒപ്പിട്ടു.(HAL joins hands with Russian company to build full-fledged passenger aircraft)
ആഭ്യന്തര യാത്രകൾക്കും ഹ്രസ്വദൂര യാത്രകൾക്കും ഉപയോഗിക്കാൻ കഴിയുന്ന, രണ്ട് എഞ്ചിനുകളുള്ള, വീതി കുറഞ്ഞ വിമാനമായ എസ്ജെ-100 (SJ-100) ആണ് ഇരു സ്ഥാപനങ്ങളും ചേർന്ന് നിർമിക്കുക. ഇതൊരു 'ഗെയിം ചേഞ്ചർ' ആകുമെന്ന് ധാരണാപത്രം ഒപ്പിട്ട ശേഷം എച്ച്എഎൽ പ്രസ്താവനയിൽ അറിയിച്ചു.
ധാരണാപത്രം അനുസരിച്ച്, ആഭ്യന്തര ഉപഭോക്താക്കൾക്കായി വിമാനം നിർമ്മിക്കാനുള്ള അവകാശം എച്ച്എഎല്ലിന് ഉണ്ടായിരിക്കും. നിലവിൽ, 200-ൽ അധികം എസ്ജെ-100 വിമാനങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്, അവ 16-ൽ അധികം എയർലൈൻ ഓപ്പറേറ്റർമാർ ഉപയോഗിക്കുന്നുമുണ്ട്.
ഇന്ത്യൻ വ്യോമയാന മേഖലയ്ക്ക്, പ്രത്യേകിച്ച് കേന്ദ്ര സർക്കാരിന്റെ ഉഡാൻ (UDAN) പദ്ധതിക്ക് ഈ സംയുക്ത സംരംഭം ഒരു വഴിത്തിരിവാകുമെന്നാണ് എച്ച്എഎൽ അവകാശപ്പെടുന്നത്.