ന്യൂഡൽഹി: പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബയുടെ സ്ഥാപകൻ ഹാഫിസ് സയീദ് ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിന് തയാറെടുക്കുന്നതായി രഹസ്യാന്വേഷണ വിവരം. ബംഗ്ലാദേശിനെ ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങൾക്കുള്ള പുതിയ ലോഞ്ച് പാഡായി വളർത്തിയെടുക്കുകയാണെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ നൽകുന്ന സൂചന.(Hafiz Saeed planning to attack India from Bangladesh)
ഒക്ടോബർ 30-ന് പുറത്തുവന്ന ഒരു വീഡിയോയിൽ ലഷ്കറിന്റെ കമാൻഡർ സെയ്ഫുല്ല സെയ്ഫിന്റെ പ്രസ്താവനകളാണ് ഈ വിവരങ്ങളുടെ ആധാരം.
സെയ്ഫുല്ല സെയ്‌ഫ് പറയുന്നത് "ഹാഫിസ് സയീദ് വെറുതേ ഇരിക്കുകയല്ല. ബംഗ്ലാദേശ് വഴി ഇന്ത്യയെ ആക്രമിക്കാൻ തയാറെടുക്കുകയാണ് എന്നാണ്. "കിഴക്കൻ പാക്കിസ്ഥാനിൽ (ബംഗ്ലാദേശ്) ലഷ്കറിന്റെ പ്രവർത്തകർ സജ്ജരാണ്. ഇന്ത്യയ്ക്ക് മറുപടി കൊടുക്കാൻ (ഓപ്പറേഷൻ സിന്ദൂറിന് മറുപടി) തയാറെടുക്കുന്നു." യുവാക്കളെ സംഘടിപ്പിക്കാൻ സയീദ് തന്റെ അടുത്ത അനുയായിയെ ബംഗ്ലാദേശിലേക്ക് വിട്ടിരിക്കുന്നതായും, ഇവർക്ക് ഭീകര പരിശീലനം നൽകുന്നുണ്ടെന്നും സെയ്ഫ് വിശദീകരിക്കുന്നുണ്ട്. ഇന്ത്യയ്ക്കെതിരായ യുദ്ധത്തിന് രംഗത്തിറങ്ങാൻ സെയ്ഫ് ആഹ്വാനം ചെയ്യുന്നതും കുട്ടികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഈ പരിപാടിയിൽ കാണാം.
"ഇപ്പോൾ അമേരിക്ക നമുക്കൊപ്പമുണ്ട്," എന്ന് അവകാശപ്പെട്ട സെയ്ഫ്, രാജ്യാന്തരതലത്തിൽ കാര്യങ്ങൾ മാറുകയാണെന്നും പറയുന്നു. "ബംഗ്ലാദേശ് പാകിസ്താനോട് വീണ്ടും അടുത്തുകൊണ്ടിരിക്കുകയാണ്" എന്നും സെയ്ഫ് വീഡിയോയിൽ അവകാശപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തെ പാക് സൈന്യത്തിന്റെ പ്രകടനത്തെ മുൻനിർത്തി സെയ്ഫ് അവരെ പുകഴ്ത്തുകയും ചെയ്തു.
ബംഗ്ലാദേശ്-പാകിസ്ഥാൻ കൂട്ടുകെട്ടിൽനിന്ന് ഉയർന്നുവരുന്ന ഈ ഭീഷണിയെക്കുറിച്ച് സുരക്ഷാ ഏജൻസികൾ ജാഗ്രതയിലാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുമുണ്ട്.