ഗ്വാളിയോർ: വിവാഹസൽക്കാരത്തിന് മദ്യം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് വധുവിനെയും വരനെയും ബന്ധുക്കളെയും അതിഥികൾ ചേർന്ന് മർദ്ദിച്ചു (Gwalior Wedding Assault Alcohol). മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ അരോൺ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പതായ് ഗ്രാമത്തിലാണ് ഈ വിചിത്രവും ദൗർഭാഗ്യകരവുമായ സംഭവം നടന്നത്. മർദ്ദനത്തിന് പുറമെ വീട്ടിലുണ്ടായിരുന്ന പണവും സാധനങ്ങളും പ്രതികൾ മോഷ്ടിച്ചതായും പരാതിയുണ്ട്.
മഹേഷ് ജാതവ് എന്ന യുവാവിന്റെ വിവാഹത്തിനിടെയാണ് അയൽവാസികളായ ചില അതിഥികൾ മദ്യം ആവശ്യപ്പെട്ടത്. എന്നാൽ മദ്യം നൽകാനോ അതിനായി പണം നൽകാനോ മഹേഷ് തയ്യാറായില്ല. ഇതോടെ പ്രകോപിതരായ അതിഥികൾ വരനെയും ബന്ധുക്കളെയും ആക്രമിക്കുകയായിരുന്നു. വിവാഹശേഷം വധു വരന്റെ വീട്ടിലെത്തി ചടങ്ങുകൾ നടക്കുന്നതിനിടെയാണ് അയൽവാസികൾ പണം ആവശ്യപ്പെട്ട് എത്തിയത്. പണം നൽകാൻ വിസമ്മതിച്ചതോടെയാണ് സംഘർഷം ആരംഭിച്ചതെന്ന് മഹേഷിന്റെ മാതാവ് ഷീല പറഞ്ഞു.
വരന്റെ പിതാവിനും മാതാവിനും വധുവിനും മർദ്ദനമേറ്റിട്ടുണ്ട്. മർദ്ദനം തടയാൻ ശ്രമിച്ച തങ്ങളെല്ലാവരെയും അവർ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് സിറ്റി പോലീസ് സൂപ്രണ്ട് മനീഷ് യാദവ് അറിയിച്ചു.
Summary: In a shocking incident in Gwalior, Madhya Pradesh, a group of wedding guests allegedly assaulted the bride, groom, and their family members after being refused alcohol. The dispute began when neighbors demanded money for liquor during post-wedding rituals.

