ഗുണ്ടൂർ: ആന്ധ്രാപ്രദേശിൽ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ഗുണ്ടൂർ സ്വദേശിയും വ്യാപാരിയുമായ ലോകം ശിവ നാഗരാജുവിനെയാണ് ഭാര്യ ലക്ഷ്മി മാധുരി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം രാത്രി മുഴുവൻ ഭർത്താവിന്റെ മൃതദേഹത്തിന് അരികിലിരുന്ന് യുവതി മൊബൈലിൽ അശ്ലീല വീഡിയോകൾ കണ്ടതായി പോലീസ് വെളിപ്പെടുത്തി.
ലക്ഷ്മി മാധുരിക്ക് ഗോപി എന്നയാളുമായി രഹസ്യബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന് തടസ്സമായി നിന്ന നാഗരാജുവിനെ ഒഴിവാക്കാനാണ് ഇരുവരും ചേർന്ന് കൊലപാതകം പ്ലാൻ ചെയ്തത്.സംഭവദിവസം രാത്രി മാധുരി നാഗരാജുവിനായി ബിരിയാണി തയ്യാറാക്കി. ഇതിൽ അമിത അളവിൽ ഉറക്കഗുളിക കലർത്തി. ഭക്ഷണം കഴിച്ച നാഗരാജു അബോധാവസ്ഥയിലായി.
രാത്രി 11.30ഓടെ ഗോപി വീട്ടിലെത്തി. ഗോപി നാഗരാജുവിന്റെ നെഞ്ചിൽ ബലമായി അമർന്നിരുന്ന് അനങ്ങാൻ കഴിയാത്തവിധം പിടിച്ചുവെച്ചു. ഈ സമയം മാധുരി തലയിണ ഉപയോഗിച്ച് മുഖത്തമർത്തി ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കി.
കൊലപാതകത്തിന് ശേഷം ഗോപി വീട്ടിൽ നിന്ന് പോയി. എന്നാൽ മാധുരി പുലർച്ചെ വരെ മൃതദേഹത്തിനൊപ്പം വീട്ടിൽ തന്നെ കഴിഞ്ഞു. ഈ സമയമത്രയും അവർ പോൺ വീഡിയോകൾ കണ്ടു കൊണ്ടിരിക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പുലർച്ചെ നാല് മണിയോടെ നാഗരാജു ഹൃദയാഘാതം മൂലം മരിച്ചുവെന്ന് അയൽക്കാരെ വിശ്വസിപ്പിക്കാൻ യുവതി ശ്രമിച്ചു.
യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ നാഗരാജുവിന്റെ ശരീരത്തിൽ മുറിവുകളും രക്തക്കറയും കണ്ടതോടെ പോലീസിനെ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസംമുട്ടിയുള്ള മരണമാണെന്നും നെഞ്ചിലെ എല്ലുകൾ ഒടിഞ്ഞതായും വ്യക്തമായതോടെ പോലീസ് മാധുരിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. ലക്ഷ്മി മാധുരിയെയും കാമുകൻ ഗോപിയെയും പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി.