
ശ്രീനഗർ : റമദാൻ കാലത്ത് ജമ്മു കശ്മീരിൽ ഗുൽമാർഗ് ഫാഷൻ ഷോ സംഘടിപ്പിച്ചത് ഇപ്പോൾ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് (Gulmarg Fashion Show ).
ജമ്മു കശ്മീർ നിയമസഭയിലും ഫാഷൻ ഷോ ചർച്ച ചെയ്യപ്പെട്ടു, പലരും ഇതിനെ "അശ്ലീലം" എന്ന് വിശേഷിപ്പിക്കുകയും നിയമസഭയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.
ശക്തമായ എതിർപ്പുകൾ ഉയർന്നതിനെത്തുടർന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള നിയമസഭയിൽ ഇതിന് മറുപടി നൽകി. "വർഷത്തിലെ ഒരു മാസത്തിലും ഇത്തരമൊരു പരിപാടി (ഗുൽമാർഗ് ഫാഷൻ ഷോ) എന്റെ സർക്കാർ അനുവദിക്കുന്നില്ല," അദ്ദേഹം പറഞ്ഞു.
"ഇതിനെക്കുറിച്ച് അന്വേഷണത്തിന് ഞങ്ങൾ ഇതിനകം ഉത്തരവിട്ടിട്ടുണ്ട്, പക്ഷേ പ്രാഥമിക വിവരങ്ങൾ പ്രകാരം ഇത് ഒരു സ്വകാര്യ ഹോട്ടലിൽ ഒരു സ്വകാര്യ പാർട്ടി സംഘടിപ്പിച്ച നാല് ദിവസത്തെ സ്വകാര്യ പരിപാടിയായിരുന്നു. ഡിസംബർ 7 നാണ് ഫാഷൻ ഷോ നടന്നത്, ചില പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ട്, ഇത് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തി," മുഖ്യമന്ത്രി അറിയിച്ചു.
കത്വ ജില്ലയിലെ ബില്ലാവർ പ്രദേശത്ത് ഒരു ഫാഷൻ ഷോയും മൂന്ന് സാധാരണക്കാരുടെ മരണവും സംബന്ധിച്ച വിഷയത്തിൽ ആദ്യ അര മണിക്കൂർ തടസ്സപ്പെട്ട ചോദ്യോത്തര വേളയ്ക്ക് ശേഷം സഭയിൽ സംസാരിച്ച മുഖ്യമന്ത്രി, അംഗങ്ങളുടെ "നിരാശയും ആശങ്കയും" യഥാർത്ഥമാണെന്ന് പറഞ്ഞു.
അതേസമയം , ടൂറിസം പ്രോത്സാഹനത്തിന്റെ പേരിൽ അശ്ലീലം വെച്ചുപൊറുപ്പിക്കില്ലെന്ന് കശ്മീരി പുരോഹിതൻ മിർവാസ് ഉമർ ഫാറൂഖ് പറഞ്ഞു. "അതിക്രൂരം! പുണ്യമാസമായ റമദാനിൽ ഗുൽമാർഗിൽ ഒരു അശ്ലീല ഫാഷൻ ഷോ സംഘടിപ്പിച്ചിരിക്കുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിട്ടുണ്ട്, ഇത് ആളുകളിൽ ഞെട്ടലും രോഷവും ഉളവാക്കുന്നു."- അദ്ദേഹം കൂട്ടിച്ചേർത്തു.
"സൂഫി സംസ്കാരത്തിനും, സന്യാസ സംസ്കാരത്തിനും, ജനങ്ങളുടെ ആഴമേറിയ മത വീക്ഷണത്തിനും പേരുകേട്ട ഒരു താഴ്‌വരയിൽ ഇത് എങ്ങനെ സഹിക്കാൻ കഴിയും?" മിർവൈസ് തന്റെ എക്സ് ഹാൻഡിലിലെ ഒരു പോസ്റ്റിൽ ചോദിച്ചു.
"എന്റെ ഓഫീസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്, അടുത്ത 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കും," അബ്ദുള്ള എക്‌സിലെ തന്റെ പോസ്റ്റിൽ കുറിച്ചു.
ഇതിനിടെ , ഫാഷൻ ഷോ സംഘടിപ്പിച്ചതിന് ഫാഷൻ ഡിസൈനർമാരായ ശിവനും നരേഷും ക്ഷമ ചോദിച്ചു.പരിപാടി രാഷ്ട്രീയ നേതാക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വിമർശനത്തിന് ഇടയാക്കി, ഇതോടെയാണ് ഇവർ ഖേദപ്രകടനവുമായി രംഗത്ത് വന്നത്.