

അഹമ്മദാബാദ്: ഗുജറാത്തിലെ വോട്ടർ പട്ടിക പുതുക്കുന്ന പ്രക്രിയയിൽ അഹമ്മദാബാദിലെ ജമാൽപൂർ മണ്ഡലത്തിൽ നൂറുകണക്കിന് മുസ്‍ലിം വോട്ടർമാരെ 'മരിച്ചവരായി' രേഖപ്പെടുത്തി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ട് (Gujarat Voter List Discrepancy). തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്നും കൃത്യമായി ഫോമുകൾ പൂരിപ്പിച്ചു നൽകിയിട്ടും അന്തിമ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റപ്പെട്ടതായും വോട്ടർമാർ ആരോപിക്കുന്നു. മക്തൂബ് മീഡിയയാണ് ഈ വോട്ടർമാരുടെ ദുരവസ്ഥ പുറത്തുകൊണ്ടുവന്നത്.
മരണം, സ്ഥലംമാറ്റം എന്നിവ ചൂണ്ടിക്കാട്ടി പേരുകൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന 'ഫോം 7' ദുരുപയോഗം ചെയ്താണ് ബിജെപി പ്രവർത്തകർ വ്യാപകമായി എതിർപ്പുകൾ ഫയൽ ചെയ്തതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ജമാൽപൂർ വാർഡ് നമ്പർ 19-ലെ വോട്ടറായ ഫരീദ് മിയാൻ ഉൾപ്പെടെയുള്ളവർ തങ്ങൾ ജീവിച്ചിരിക്കെത്തന്നെ മരിച്ചവരായി പ്രഖ്യാപിക്കപ്പെട്ടതിനെതിരെ രംഗത്തെത്തി. തിരഞ്ഞെടുക്കപ്പെട്ട മുനിസിപ്പൽ കൗൺസിലറായ റാഫിഖ് ഷെയ്ഖ് ഖുറേഷിക്കെതിരെ പോലും വിലാസം മാറിയെന്ന് കാണിച്ച് പരാതി നൽകിയിട്ടുണ്ട്. ഏകദേശം 20,000-ത്തോളം വോട്ടർമാരെ ഇത്തരത്തിൽ ലക്ഷ്യം വെച്ചിട്ടുണ്ടാകാമെന്നാണ് പ്രാദേശിക പ്രവർത്തകരുടെ കണക്കുകൂട്ടൽ.
ന്യൂനപക്ഷ വോട്ടുകൾ ആസൂത്രിതമായി അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ന്യൂനപക്ഷ ഏകോപന സമിതി കൺവീനർ മുജാഹിദ് നഫീസ് പറഞ്ഞു. ബന്ധമില്ലാത്ത മൂന്നാം കക്ഷികൾ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ വോട്ടർമാരെ ഒഴിവാക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഷാപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഗുജറാത്ത് ചീഫ് ഇലക്ടറൽ ഓഫീസർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സമിതി നിവേദനം സമർപ്പിച്ചു.
Reports have emerged from Gujarat's Ahmedabad where hundreds of Muslim voters in the Jamalpur constituency have been declared 'dead' or 'displaced' and removed from the voter list during the Special Interim Revision (SIR). Residents and local leaders allege a systemic attempt to disenfranchise minority voters through the misuse of 'Form 7' objections, reportedly filed by political workers. The Minority Coordination Committee has petitioned the Chief Electoral Officer, calling the move a violation of democratic rights and a deliberate political suppression of votes.