അഹമ്മദാബാദ്: ഗുജറാത്തിലെ നവസാരി ജില്ലയിൽ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം എട്ടുപേർ പിടിയിലായി. ജനുവരി ഏഴിന് വാൻസ്ഡ ടൗണിന് സമീപമുള്ള ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
വീടിന് പുറത്തിറങ്ങിയ പെൺകുട്ടിയെ മൂന്ന് മോട്ടോർ സൈക്കിളുകളിലായെത്തിയ സംഘം ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഗ്രാമത്തിൽ നിന്നും രണ്ടര കിലോമീറ്റർ അകലെയുള്ള വിജനമായ സ്ഥലത്തെത്തിച്ചാണ് പ്രതികൾ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പുലർച്ചെ വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പിടിയിലായവരിൽ ഏഴുപേർ 20-21 വയസ്സ് പ്രായമുള്ളവരാണ്. ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. പ്രതികൾക്കെതിരെ പോക്സോ (POCSO), ഭാരതീയ ന്യായ സംഹിത (BNS) എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി ചിഖ്‌ലി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബി.വി. ഗോഹിൽ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.