

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ ശനിയാഴ്ച പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ഗാന്ധിനഗർ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് (ISR) അറിയിച്ചു.
ജില്ലയിലെ ഖാവ്ദയിൽ നിന്ന് ഏകദേശം 55 കിലോമീറ്റർ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശവാസികൾ പരിഭ്രാന്തരായി.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള ഭൂകമ്പ മേഖലകളിലൊന്നിലാണ് (High-risk seismic zone) കച്ച് ജില്ല സ്ഥിതി ചെയ്യുന്നത്. ഇത് പ്രദേശവാസികളിൽ ആശങ്ക വർദ്ധിപ്പിക്കുന്നു.
2001 ജനുവരി 26-ന് കച്ചിലുണ്ടായ അതിശക്തമായ ഭൂകമ്പം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു. അന്ന് ബച്ചൗവിനടുത്ത് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 13,800-ഓളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും തീവ്രമായ മൂന്നാമത്തെ ഭൂകമ്പമായിരുന്നു അത്. ഇടയ്ക്കിടെയുണ്ടാകുന്ന ഇത്തരം പ്രകമ്പനങ്ങൾ ആ പഴയ ദുരന്തത്തിന്റെ ഓർമ്മകൾ വീണ്ടും ഉണർത്തുകയാണ്.