ഡൽഹി : ജിഎസ്ടി പരിഷ്കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാൻ വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് ഈ പരിഷ്കരണം. നികുതിയിൽ വൻ ഇളവുകൾ വന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കോൺഗ്രസ് സർക്കാർ ജനങ്ങൾക്ക് മേൽ നിരവധി നികുതികൾ ചുമത്തി എന്നാല്‍ എൻഡിഎ സർക്കാർ നിത്യോപയോഗ സാധനങ്ങൾക്ക് നികുതി കുറച്ചു. കുഞ്ഞുങ്ങളുടെ മിഠായിക്ക് പോലും കോൺഗ്രസ് നികുതി ഈടാക്കി. കോൺഗ്രസ് സർക്കാർ സ്വീകരിച്ചത് മധ്യവർഗ വിരുദ്ധ മനോഭാവം. ജിഎസ്ടി പരിഷ്കരണം സാധാരണക്കാർക്ക് ഗുണകരമാകും. ആരോഗ്യ ഇൻഷുറൻസ് നികുതി കുറച്ചു.
ജിഎസ്ടി മാത്രമല്ല എൻഡിഎ സർക്കാർ ആദായനികുതിയും കുറച്ചു. ഇത്തരം പരിഷ്കരണങ്ങൾ രാജ്യത്തെ സ്വയം പ്രാപ്തിയിലേക്ക് നയിക്കും. മറ്റുള്ളവരെ ആശ്രയിക്കുമ്പോൾ രാജ്യം വലിയ വേഗതയിൽ പുരോഗതി നേടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം, സിഗററ്റിനും പാൻമസാല ഉത്പന്നങ്ങൾക്കും ആഡംബര സാധനങ്ങൾക്കും വില കൂടുകയും ചെയ്യും. മോട്ടോർ സൈക്കിളിനും ചെറിയ കാറിനും വില കുറയും. 33 ജീവൻ രക്ഷാ മരുന്നുകൾക്കും നികുതിയില്ല. സിമന്‍റ്, മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ വിലയും കുറയും. സെപ്തംബർ 22 മുതൽ പുതിയ നികുതി ഘടന നിലവിൽ വരും.