ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾക്കുമേൽ നിലവിലുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) വർധിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചു. എന്നാൽ, അടുത്ത വർഷം ജിഎസ്ടി കോമ്പൻസേഷൻ സെസ്സ് (Compensation Cess) നിർത്തലാക്കുന്ന സാഹചര്യത്തിൽ, ഈ ഉൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം ചോർന്നുപോകാതിരിക്കാൻ അധിക ലെവി (Additional Levy) ചുമത്തി നിലവിലെ മൊത്തം നികുതി വരുമാനം അതുപോലെ തന്നെ തുടരാനാണ് കേന്ദ്രത്തിൻ്റെ ആലോചന.(GST rate on tobacco products will not be increased)
ജിഎസ്ടി കോമ്പൻസേഷൻ സെസ്സിൻ്റെ കാലാവധി അടുത്ത വർഷം അവസാനിക്കുന്ന സാഹചര്യത്തിലാണ് വരുമാനം ഉറപ്പാക്കാൻ കേന്ദ്രം ബദൽ മാർഗ്ഗങ്ങൾ തേടുന്നത്.
നിലവിലെ മൊത്തം നികുതി വരുമാനം മാറ്റമില്ലാതെ തുടരുമെന്ന് കേന്ദ്രം ഉറപ്പാക്കും. ഇതിനായി ജിഎസ്ടി ഘടനയ്ക്ക് പുറത്തുള്ള ഒരു അധിക കേന്ദ്ര നികുതി ഏർപ്പെടുത്തും. നിലവിൽ ഏറ്റവും ഉയർന്ന ജിഎസ്ടി നിരക്കായ 28 ശതമാനമാണ് പുകയില ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്നത്. ഇതോടൊപ്പം ഉൽപ്പന്നങ്ങൾക്കനുസരിച്ച് കോമ്പൻസേഷൻ സെസ്സുമുണ്ട്.
നിലവിൽ ജിഎസ്ടിയും കോമ്പൻസേഷൻ സെസ്സും ചേരുമ്പോൾ മൊത്തം നികുതിഭാരം 60-70 ശതമാനത്തിലധികമാണ്. അധിക കേന്ദ്ര നികുതി ഏർപ്പെടുത്തുന്നതിലൂടെ, ജിഎസ്ടി കൗൺസിലിൽ വീണ്ടും നിരക്ക് വർധന ചർച്ചകൾക്ക് വഴിയൊരുക്കാതെ തന്നെ സർക്കാരിന് സമാനമായ നികുതി വരുമാനം കൈവരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ അധിക കേന്ദ്ര നികുതി വരുമ്പോൾ ഉൽപ്പന്നങ്ങളുടെ വിലയിൽ പെട്ടെന്ന് വർധനവുണ്ടാവില്ലെങ്കിലും ഉപഭോക്താവ് നൽകുന്ന തുക നിലവിലുള്ളതുപോലെ തുടരും.
സംസ്ഥാനങ്ങൾക്ക് വരുമാന നഷ്ടം നികത്തുന്നതിനായി 2017 ജൂലൈയിൽ ജിഎസ്ടി നടപ്പിലാക്കിയപ്പോഴാണ് കോമ്പൻസേഷൻ സെസ്സ് ഏർപ്പെടുത്തിയത്. ഔദ്യോഗികമായി 2022 ജൂണിൽ കാലാവധി അവസാനിച്ചെങ്കിലും, കോവിഡ് കാലത്ത് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ എടുത്ത ഏകദേശം 2.7 ലക്ഷം കോടി രൂപയുടെ വായ്പകൾ തിരിച്ചടയ്ക്കുന്നതിനായി 2026 മാർച്ച് വരെ സെസ്സ് പിരിക്കുന്നത് തുടരാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.