
1996, ജനുവരി 23. സമയം വൈകുന്നേരം അഞ്ചരമണിയോട് അടുത്ത് കാണും. രാജേന്ദ്ര സിംഗ് അയാൾ കഴിഞ്ഞ് ഏതാനം ദിവസങ്ങളായി ഡ്യൂട്ടിയിൽ ഉള്ള ഡൽഹിയിലെ വസന്ത് കുഞ്ചിലെ വീട്ടിൽ എത്തുന്നു. പ്രിയദർശിനി മാട്ടൂ (Priyadarshini Mattoo) എന്ന ഇരുപത്തിയഞ്ചുകാരിയുടെ പ്രത്യേക സംരക്ഷണത്തിനായാണ് രാജേന്ദ്ര സിംഗിനെ നിയമിച്ചിരിക്കുന്നത്. വീട്ട് മുറ്റത് എത്തിയ ശേഷം രാജേന്ദ്ര സിംഗ് കോളിംഗ് ബെൽ അമർത്തുന്നു. കോളിംഗ് ബെല്ലിന്റെ നിലയ്ക്കാത്ത ഒച്ച കേട്ടിട്ടും പ്രിയദർശിനി വാതിൽ തുറന്നില്ല. ഒരുപക്ഷെ അവൾ ഉറങ്ങുകയാകും എന്ന് കരുതി രാജേന്ദ്ര സിംഗ് വീണ്ടും കോളിംഗ് ബെൽ അമർത്തുന്നു. അപ്പോഴും പ്രതിഫലം നിരാശ മാത്രം. അഞ്ചു മിനിറ്റോളം വീടിന്റെ മുറ്റത് തന്നെ നിലയുറപ്പിച്ച് ശേഷം പതിയെ വീടിന്റെ പിൻവാതിലിലൂടെ രാജേന്ദ്ര സിംഗ് അകത്തു കടക്കുന്നു. എന്നാൽ വീടിനുള്ളിൽ അയാൾ കണ്ട കാഴ്ച രക്തത്തിൽ കുളിച്ചു കിടക്കുന്ന പ്രിയദർശിനിയുടെ ശവശരീരമായിരുന്നു. പ്രിയദർശിനിയുടെ ശവശരീരം കണ്ട് വിറങ്ങലിച്ച രാജേന്ദ്ര സിംഗ് ഉന്നത ഉദ്യോഗസ്ഥരെ ഉടൻ തന്നെ വിവരമറിയിക്കുന്നു.
സംഭവ സ്ഥലത്ത് പോലീസ് സംഘം പരിശോധന നടത്തുന്നു. പ്രിയദർശിനിയുടെ കഴുത്തിൽ എന്തോ കൊണ്ട് മുറുക്കിയതിന്റെ ലക്ഷണങ്ങൾ ഉണ്ട്. തിരിച്ചറിയുവാൻ കഴിയാത്ത വിധം മുഖം വികൃതമാക്കപ്പെട്ടിരുന്നു. തുടർ നടപടികൾക്കായി ശവശരീരം പോസ്റ്റ്മോർട്ടത്തിന് അയക്കുന്നു. പുറത്തുവന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചിരുന്നു. കൊലപ്പെടുന്നതിന് മുൻപ് പ്രിയദർശിനി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി. ഹെല്മെന്റ് കൊണ്ട് പതിനാലു തവണയോളം തലയിൽ അടിച്ചിരിക്കുന്നു. ഇലക്ട്രിക് വയർ കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്.
പോലീസുകാരുടെ അന്വേഷണത്തിൽ മോഷണ ശ്രമത്തിനിടെയല്ല പ്രിയദർശിനി കൊല്ലപ്പെട്ടത് എന്ന് വ്യക്തമാണ്. പ്രിയദർശിനിയോട് തീർത്താൽ തീരാത്ത പക ഉള്ള ആരോ ആണ് കൃത്യം നടത്തിയിരിക്കുന്നത്. ഒരു മനുഷ്യന്റെ മുഖം തിരിച്ചറിയുവാൻ പോലും കഴിയാത്ത രീതിയിൽ വികൃതമാക്കപ്പെട്ടിരിക്കുന്നു. പ്രിയദർശിനിയക്ക് ശത്രുക്കൾ ഉണ്ടായിരുന്നോ എന്നതായി അന്വേഷണം. പ്രിയദർശിനിയുടെ കുടുംബവും സുഹൃത്തുക്കളും ഒരുപോലെ പോലീസിനോട് സന്തോഷ് എന്ന വ്യക്തിയെ പറ്റി പറയുന്നു. ഇയാളുടെ ശല്യം കാരണമാണ് പ്രിയദർശിനിക്ക് പോലീസ് പ്രൊട്ടക്ഷൻ പോലും ഒരിക്കയത്. അതോടെ സന്തോഷിനെ കേന്ദ്രികരിച്ചായി പോലീസ് അന്വേഷണം.
ആരായിരുന്നു പ്രിയദർശിനി
1970 ല്‍ ശ്രീനഗറിലായിരുന്നു പ്രിയദർശിനിയുടെ ജനനം. കശ്മീരിലെ ഒരു പണ്ഡിറ്റ് കുടുംബത്തിലായിരുന്നു പ്രിയദർശിനി വളർന്നത്. ബികോം പഠനത്തിന് ശേഷം പ്രിയദര്‍ശിനി നിയമബിരുദം നേടുവാനായാണ് ഡല്‍ഹിൽ എത്തുന്നത്. ഡൽഹി യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിനായി ചേരുന്നു. പ്രിയദർശിനിയുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കുന്നത് ഡൽഹി യൂണിവേഴ്‌സിറ്റിയിലെ പഠന കാലമായിരുന്നു. ഡല്‍ഹിയില്‍ അമ്മാവനൊപ്പമായിരുന്നു പ്രിയദർശിനിയുടെ താമസം. തുടക്കത്തിൽ പുതിയൊരു നാടുമായി പൊരുത്തപ്പെടുവാൻ പ്രിയദർശിനി നന്നേ ബുദ്ധിമുട്ടിയിരുന്നു. പോകെ പോകെ പ്രിയദർശിനി ഡൽഹിയുമായി പതിയെ പൊരുത്തപ്പെട്ടു തുടങ്ങി. യൂണിവേഴ്‌സിറ്റിയിലെ പഠന കാലത്താണ് സന്തോഷിനെ കണ്ടുമുട്ടുന്നത്. യൂണിവേഴ്സിറ്റിയിൽ പ്രിയദർശിനിയുടെ സീനിയറായിരുന്നു സന്തോഷ് കുമാർ സിംഗ് (Santosh Kumar Singh).
സന്തോഷിന് പ്രിയദർശിനിയോട് വല്ലാത്തൊരു അടുപ്പം തോന്നുന്നു. ആ അടുപ്പം പതിയെ പ്രണയമായി, മതിമോഹമായി. പല തവണ അയാൾ പ്രിയദർശിനിയോട് തന്റെ പ്രണയം തുറന്നു പറയുന്നു. എന്നാൽ സന്തോഷിനോട് അത്ര അടുപ്പം തോന്നാത്ത പ്രിയദർശിനി അയാളുടെ നിരന്തരമുള്ള പ്രണയാഭ്യർത്ഥനകൾ നിരസിച്ചു. പ്രിയദർശിനി തന്നെ ഇഷ്ട്ടമല്ല എന്ന് ഒരായിരം വട്ടം വാക്കാലും നോട്ടത്താലും സന്തോഷിനെ അറിയിച്ചു. എന്നാൽ തോറ്റ് പിന്മാറാൻ അയാൾ തയ്യാറായിരുന്നില്ല. വല്ലാത്തൊരു മതിഭ്രമം അയാളിൽ അധികരിച്ചിരുന്നു. പോലീസ് ഐ ജിയുടെ മകൻ എന്ന ഹുങ്ക് മറ്റൊരുവഴിക്കും. ആദ്യമൊക്കെ വാക്കുകൊണ്ടാണ് മാത്രം പ്രിയദർശിനിയെ അയാൾ ബുദ്ധിമുട്ടിച്ചിരുന്നത്. എന്നാൽ പതിയെ അയാൾ സമയമോ സന്ദർഭമോ നോക്കാതെ പ്രിയദർശിനിയെ പിന്തുടർന്നു. അവളുടെ വീടിനുള്ളിൽ പോലും കയറിപ്പറ്റാൻ ശ്രമിക്കുന്നു.
ഒടുവിൽ സന്തോഷിന്റെ ശല്യം സഹിക്കവയ്യാതെ പോലീസിൽ പരാതി നൽകുവാൻ അവൾ തീരുമാനിക്കുന്നു. ഡൽഹിയിലെ അഞ്ച് വ്യത്യസ്ത പോലീസ് സ്റ്റേഷനുകളിലായി സന്തോഷിനെതിരെ കേസ് കൊടുക്കുന്നു. എന്നാൽ ഈ പരാതികൾ ഒന്നും തന്നെ ഫലം കണ്ടില്ല. ഐ ജിയുടെ മകനെ തടയുവാൻ ഉള്ള കെൽപ്പ് അന്ന് ആ പോലീസുകാർക്ക് ഉണ്ടായിരുന്നില്ല. അതോടെ പ്രിയദർശിനി പിതാവുമായി ചേർന്ന് എസ്പിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കുന്നു. അങ്ങനെ എസ് പിയുടെ നിർദേശപ്രകാരമാണ് രാജേന്ദ്ര സിംഗിനെ പ്രിയദർശിനിയുടെ പേർസണൽ സെക്യൂരിറ്റി ഗാർഡായി നിയമിക്കുന്നത്. രാജേന്ദ്ര സിംഗ് രാവിലെ മുതൽ രാത്രി വരെ പ്രിയദർശിനിയോട് ഒപ്പം ഉണ്ടാകും. അതിനാൽ തന്നെ സന്തോഷിന് അവളുടെ അടുത്തേക്ക് അത്രപെട്ടെന്നൊന്നും എത്തിചേരുവൻ കഴിഞ്ഞിരുന്നില്ല.
1996 ജനുവരി 23
എന്നത്തേയും പോലെ പ്രിയദർശിനി കോളേജിലേക്ക് പോകാൻ തുടങ്ങുന്നു. എന്നാൽ സമയം ഏറെ വൈകിയിട്ടും രാജേന്ദ്ര സിംഗ് എത്തിയിരുന്നില്ല. രാജേന്ദ്ര സിംഗിനെയും കാത്തുനിന്നാൽ കോളേജിൽ എത്തുവാൻ വൈകുമെന്ന് മനസ്സിലായ പ്രിയദർശിനി ഒറ്റയ്ക്ക് കോളേജിലേക്ക് പോകുന്നു. പ്രിയദർശിനി ഇന്ന് കോളേജിൽ ഒറ്റയ്ക്കാണ് വരുന്നത് എന്ന വാർത്ത സന്തോഷിന്റെ ചെവികളിൽ അപ്പോഴേക്കും എത്തിയിരുന്നു. പ്രിയദർശിനി കോളേജിൽ നിന്നും വൈകുന്നേരം മടങ്ങവേ അവളോടൊപ്പം രാജേന്ദ്ര സിംഗ് ഉണ്ടായിരുന്നു. എന്നാൽ വീട്ടിൽ എത്തിയതും രാജേന്ദ്ര സിംഗിനോട് പോയിട്ട് അഞ്ചു മണി കഴിയുമ്പോൾ എത്തിയാൽ മതിയെന്ന് പ്രിയദർശിനി ആവശ്യപ്പെടുന്നു. രാജേന്ദ്ര സിംഗ് അതിനെ എതിർക്കുന്നു. വീട്ടിൽ തന്നോടൊപ്പം വീട്ട് ജോലിക്കാരൻ ഉണ്ടെന്നും അതുകൊണ്ടു രാജേന്ദ്ര സിംഗിനോട് പോകാൻ പ്രിയദർശിനി ആവശ്യപ്പെടുന്നു. അതോടെ രാജേന്ദ്ര സിംഗ് പ്രിയദശിനിയെ വീട്ടിൽ തനിച്ചാക്കി പോകുന്നു.
വൈകുന്നേരം നാലു മണികഴിഞ്ഞു, വീട്ടുജോലിക്കാരൻ വീട് വിട്ട് പുറത്തേക്ക് എവിടെയോ പോകുന്നു. ഈ തക്കം നോക്കി സന്തോഷ് വീട്ട് മുറ്റത്തേക്ക് കടക്കുന്നു. ശേഷം കോളിംഗ് ബെൽ അമർത്തുന്നു. കോളിംഗ് ബെൽ ചിലയ്ക്കുന്നത് കേട്ട് എത്തിയ പ്രിയദശിനിക്ക് മനസ്സിലാകുന്നു അത് സന്തോഷാണ് എന്ന്. പ്രിയദശിനി വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല അതോടെ സന്തോഷ് താൻ മാപ്പ് ചോദിക്കുവാൻ വന്നതാണ്. ഇനി ഒരിക്കലും താൻ പ്രിയദശിനിയെ ശല്യം ചെയ്യില്ല എന്നൊക്കെ പറഞ്ഞു കൊണ്ടേയിരുന്നു. ആദ്യമൊന്നും സന്തോഷിന്റെ വാക്കുകൾ പ്രിയദശിനി കാര്യമാക്കിയില്ല, അയാളോട് മടങ്ങി പോകുവാൻ ആവശ്യപ്പെടുന്നു. എന്നാൽ സന്തോഷ് അതിന് കൂട്ടാക്കിയില്ല.
"നീ എന്നോട് ക്ഷമിക്കണം. ഞാൻ ഇനി നിന്നെ ബുദ്ധിമുട്ടിക്കില്ല. വാതിൽ ഒന്ന് തുറക്കാമോ ഞാൻ മാപ്പ് പറഞ്ഞിട്ട് പോക്കൊള്ളാം"
ഒരു നിമിഷം അവന്റെ വാക്കുകൾ സത്യമാണെന്ന് അവൾ കരുതി. ഒടുവിൽ പ്രിയദർശിനി വീടിന്റെ വാതിൽ തുറന്നു. ഭാഗികമായി തുറന്ന വാതിൽ പൂർണ്ണമായും തള്ളി തുറന്നു സന്തോഷ് അകത്ത് കടക്കുന്നു. വീടിന്റെ ഉള്ളിൽ കടന്നതും അയാളുടെ മട്ട് മാറി. തനിക്കെതിരെ കൊടുത്ത പരാതികൾ ഉടനെ പിൻവലിക്കണം എന്ന് അയാൾ ആവശ്യപ്പെടുന്നു. എന്നാൽ അത് സാധിക്കില്ല എന്ന് പ്രിയദർശിനി കട്ടായം പറയുന്നു. ഇത് സന്തോഷിനെ വല്ലാതെ ചൊടിപ്പിച്ചു. അയാൾ അവളെ തല്ലുന്നു. അവളെ ക്രൂര ബലാത്സംഗത്തിന് ഇരയാകുന്നു. ശേഷം ഒരു ഇലക്ട്രിക് വയർ പ്രിയദർശിനിയുടെ കഴുത്തിൽ കുരുക്കുന്നു. തന്റെ കഴുത്തിൽ വലിഞ്ഞു മുറങ്ങിയ വയറിനെ തട്ടി മാറ്റുവാൻ പോലും അവൾക്ക് സാധിച്ചിരുന്നില്ല. വയർ മുറുക്കി സന്തോഷ് പ്രിയദർശിനിയെ കൊലപ്പെടുത്തുന്നു. അരിശം അടങ്ങാത്ത അയാൾ കൈയിലുണ്ടായിരുന്ന ഹെൽമെറ്റ് കൊണ്ട് പ്രിയദർശിനിയുടെ തലയിൽ ആഞ്ഞടിക്കുന്നു. ഒന്നോ രണ്ടോ തവണയല്ല 10 ലേറെ തവണ. പ്രിയദർശിനിയുടെ മുഖം തിരിച്ചറിയുവൻ പോലും സാധികാത്ത രീതിയിൽ വികൃതമാക്കപ്പെട്ടു. കൃത്യം നടത്തിയ ശേഷം സന്തോഷ് അവിടെ നിന്നും രക്ഷപ്പെടുന്നു.
പ്രിയദർശിനിയെ കൊലപ്പെടുത്തിയത് സന്തോഷാണ് എന്ന് വ്യക്തം. എന്നാൽ, ഐ ജിയുടെ മകനെ അറസ്റ്റ് ചെയുക എന്നത് കഠിനം. പിതാവ് പോലീസുകാരൻ ആയതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിക്കപ്പെടും എന്ന് വാദിച്ചുകൊണ്ടു പ്രിയദർശിനിയുടെ കുടുംബം കേസ് സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെടുന്നു അതോടെ കേസ് സിബിഐയ്ക്ക് കൈമാറുന്നു. 1997 ഓഗസ്റ്റ് 11-ന് വിചാരണ ആരംഭിച്ചു, തെളിവുകൾ കോടതിയിൽ സമർപ്പിക്കപ്പെട്ടു. എന്നാൽ, 1999 ൽ സന്തോഷിനെ കുറ്റവിമുക്തനാകുന്നു. സന്തോഷാണ് പ്രിയദർശിനിയെ കൊലപ്പെടുത്തിയത് എന്ന് തെളിയിക്കുവാൻ വേണ്ടത്ര തെളിവുകൾ ഇല്ലായിരുന്നു. സുപ്രധാനമായ തെളിവുകളും സാക്ഷികളുടെയും അഭാവം. ബലാത്സംഗം നടന്നുവെന്ന് പോലും തെളിയിക്കാനായില്ല. അങ്ങനെ സന്തോഷ് സ്വതന്ത്രനായി.
കോടതിവിധിയില്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കടുത്ത ജനരോഷമുണ്ടായി. ജസ്റ്റിസ് ഫോര്‍ പ്രിയ എന്ന കാമ്പയനും പ്രതിഷേധവും ശക്തമായി. 2000 ഫെബ്രുവരി മാസത്തില്‍ സിബിഐ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. 2006, ഒക്ടോബർ 30, ഹൈക്കോടതി സന്തോഷിന് വധശിക്ഷ വിധിക്കുന്നു. 1999 ൽ ഏത് തെളിവുകളുടെ അഭാവത്തിലാണോ സന്തോഷ് കുറ്റവിമുക്തനായത് അതെ പഴുതകൾ തന്നെ പിന്നെ കുരുക്കായി മാറുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രിയദർശിനിയെ ബലാത്സംഗം ചെയ്തത് സന്തോഷാണ് എന്ന് തെളിയുന്നു. പ്രിയദർശിനി സന്തോഷിനെതിരെ നൽകിയ പരാതികൾ ഇതിന് വിധിക്ക് അടിത്തറ പാകി. എന്നാൽ, 2017 ഫെബ്രുവരി 19 ന് സന്തോഷ് വധശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്നു. ഒക്ടോബര്‍ 10ന് സന്തോഷിന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് കൊണ്ട് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു.
കുറ്റവാളി അധികാരത്തിൽ ആധിപത്യം പുലർത്തിയാൽ നിയമം എങ്ങനെ വളച്ചൊടിക്കപ്പെടും എന്നതിന്റെ ഒരു ഉദാഹരണമാണ് പ്രിയദർശിനിയുടെ കേസ്. അച്ഛൻ സമൂഹത്തിലെ ഉന്നത പദവി വഹിക്കുന്ന വ്യക്തിയാണെങ്കിൽ മക്കൾക്ക് എന്തും ആകാം. സന്തോഷിനെ കേസിൽ നിന്നും രക്ഷപ്പെടുത്തുവാൻ വേണ്ടി പല ഉദ്യോഗസ്ഥരും തെളിവുകൾ നശിപ്പിക്കുവൻ ശ്രമിച്ചു. ഇത് പകൽ വെളിച്ചം പോലെ വ്യക്തമായിരുന്നു.