

ഭോജ്പൂർ: ബിഹാറിൽ മകന്റെയും മരുമകളുടെയും പ്രണയവിവാഹത്തോടുള്ള വിരോധം തീർക്കാൻ സ്വന്തം കൊച്ചുമകനെ 50,000 രൂപയ്ക്ക് വിൽപന നടത്തി മുത്തശ്ശി (Newborn). ബിഹാറിലെ ഭോജ്പൂർ ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മുത്തശ്ശി ക്രിന്ത ദേവിയെയും സഹായികളായ മൂന്ന് സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തു.
നാരായൺപൂർ സ്വദേശിയായ ചിത്തരഞ്ജൻ കുമാറും ഖുശ്ബു കുമാരിയും തമ്മിലുള്ള പ്രണയവിവാഹത്തെ ക്രിന്ത ദേവി ശക്തമായി എതിർത്തിരുന്നു. ഇതിന്റെ പക തീർക്കാനാണ് ഖുശ്ബു പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ വിൽക്കാൻ ഇവർ പദ്ധതിയിട്ടത്. ഡിസംബർ 7-ന് അഗിയാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുറത്തുവെച്ച് ഗ്രാമത്തിലെ ചില സ്ത്രീകളുടെ സഹായത്തോടെ കുഞ്ഞിനെ റോഹ്താസ് ജില്ലയിലെ ഒരു ഗ്രാമീണ ഡോക്ടർക്ക് 50,000 രൂപയ്ക്ക് വിൽക്കുകയായിരുന്നു. കുഞ്ഞിനെ വിറ്റതിന് ശേഷം മരുമകളെ വീട്ടിൽ തടവിലാക്കുകയും ചെയ്തു. അഞ്ചാം ദിവസം തടവ് ചാടിയ ഖുശ്ബു, ബന്ധുക്കളുടെ സഹായത്തോടെ എസ്പിക്ക് പരാതി നൽകിയതോടെയാണ് ക്രൂരമായ ഈ വിവരം പുറംലോകമറിഞ്ഞത്.
ക്രിന്ത ദേവിയിൽ നിന്ന് കുഞ്ഞിനെ വിറ്റുകിട്ടിയ 49,000 രൂപ പോലീസ് കണ്ടെടുത്തു. ഇവരെ കൂടാതെ കവിത ശർമ്മ, ചാന്ദ്‌നി ശർമ്മ, പ്രീതി കുമാരി എന്നിവരെയും പോലീസ് പിടികൂടി. എന്നാൽ കുഞ്ഞിനെ വാങ്ങിയ ഡോക്ടറെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുഞ്ഞിനെ വീണ്ടെടുക്കാനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
A woman in Bihar's Bhojpur district allegedly sold her newborn grandson for ₹50,000 to express her anger over her son's love marriage. The accused grandmother, along with three accomplices, has been arrested after the victim's mother escaped house arrest and alerted the police. While the police recovered the sale money, efforts are still underway to rescue the infant and arrest the doctor who purchased the baby.