ന്യൂഡൽഹി: സാധാരണക്കാർക്ക് നിയമോപദേശവും സഹായവും വേഗത്തിൽ ലഭ്യമാക്കുന്നതിനായി കേന്ദ്ര നിയമ-നീതിന്യായ മന്ത്രാലയം 'ന്യായ സേതു' എന്ന വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് പുറത്തിറക്കി. സിവിൽ, ക്രിമിനൽ, കുടുംബ തർക്കങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ പൗരന്മാർക്ക് ഈ സംവിധാനത്തിലൂടെ സൗജന്യ നിയമസഹായം തേടാം.
വാട്ട്‌സ്ആപ്പ് വഴി ഈ സേവനം ആക്‌സസ് ചെയ്യാൻ 7217711814 എന്ന നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക. ഈ നമ്പറിലേക്ക് വാട്ട്‌സ്ആപ്പിൽ ഒരു സന്ദേശം അയക്കുക (സേവ് ചെയ്യുമ്പോൾ ഇത് 'Tele-Law' എന്ന് ദൃശ്യമായേക്കാം). തുടർന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് മൊബൈൽ നമ്പർ വെരിഫിക്കേഷൻ പൂർത്തിയാക്കുക.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹായത്തോടെ പ്രവർത്തിക്കുന്ന ചാറ്റ്‌ബോട്ട് വഴി നിയമോപദേശങ്ങൾ തേടാം. കുടുംബ തർക്കങ്ങൾ, വൈവാഹിക പ്രശ്‌നങ്ങൾ, ഗാർഹിക പീഡനം, കോർപ്പറേറ്റ് നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ന്യായ സേതുവിന്റെ പിന്തുണ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.
സേവനം ആരംഭിച്ചെങ്കിലും ഇതിലെ സാങ്കേതിക തകരാറുകളെക്കുറിച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പരാതിപ്പെടുന്നുണ്ട്. ചാറ്റ്‌ബോട്ട് കൃത്യമായി പ്രതികരിക്കുന്നില്ലെന്നും 'ബിൽഡ് എറർ' കാണിക്കുന്നുണ്ടെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, തദ്ദേശീയ പ്ലാറ്റ്‌ഫോമായ 'അരട്ടായി' ഒഴിവാക്കി എന്തിനാണ് മെറ്റായുടെ വാട്ട്‌സ്ആപ്പിനെ ഇതിനായി തിരഞ്ഞെടുത്തതെന്ന ചോദ്യവും ഉയരുന്നുണ്ട്.
അതേസമയം വാട്ട്‌സ്ആപ്പിൽ ഇനി സ്വന്തമായി 'ടെക്സ്റ്റ് സ്റ്റിക്കറുകൾ' നിർമ്മിക്കാം. നിയമസഹായത്തിന് പുറമെ, വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ആൻഡ്രോയിഡിനായുള്ള ഏറ്റവും പുതിയ 2.26.1.18 ബീറ്റാ അപ്‌ഡേറ്റിലാണ് മാറ്റങ്ങൾ വരുന്നത്. മറ്റ് ആപ്പുകളുടെ സഹായമില്ലാതെ വാട്ട്‌സ്ആപ്പിൽ തന്നെ സ്വന്തമായി ടെക്സ്റ്റ് സ്റ്റിക്കറുകൾ നിർമ്മിക്കാം.