മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ചരക്ക് തീവണ്ടി പാളം തെറ്റി. ഡൽഹി-മഥുര റൂട്ടിൽ വൃന്ദാവൻ റോഡ് സ്റ്റേഷന് സമീപമാണ് ഇന്നലെ രാത്രിയോടെ അപകടം ഉണ്ടായത്. കൽക്കരി കയറ്റിയ ചരക്ക് തീവണ്ടിയുടെ പന്ത്രണ്ട് വാഗണുകളാണ് പാളം തെറ്റിയത്.(Goods train derails in Mathura)
അപകടത്തിൽ ട്രാക്കുകൾക്കും ഓവർഹെഡ് വൈദ്യുതി ലൈനുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ഇതേത്തുടർന്ന് ആഗ്രയ്ക്കും ഡൽഹിക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
നിലവിൽ ഈ റൂട്ടിലുള്ള ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. മഥുര റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്. തടസ്സങ്ങൾ ഉടൻ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.