ചെന്നൈ: അന്ധവിശ്വാസങ്ങളുടെയോ ശാസ്ത്രീയമല്ലാത്ത പൊതുഭയങ്ങളുടെയോ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ തീരുമാനങ്ങൾ എടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈയിൽ ഒരു സ്വകാര്യ വസതിയിൽ നിന്ന് വിഗ്രഹങ്ങൾ നീക്കം ചെയ്ത നടപടി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ഡി. ഭരത ചക്രവർത്തിയുടെ സുപ്രധാന നിരീക്ഷണം. ദൈവമോ വിഗ്രഹമോ മനുഷ്യനെ ഉപദ്രവിക്കില്ലെന്നും ഇത്തരം ഭയങ്ങൾ ഭക്തിയുടെയോ ശാസ്ത്രത്തിന്റെയോ തത്വങ്ങൾക്ക് നിരക്കാത്തതാണെന്നും കോടതി വ്യക്തമാക്കി.(God or idols cannot harm humans, says Madras High Court)
ചെന്നൈ സ്വദേശിയായ എ. കാർത്തിക് തന്റെ താമസസ്ഥലത്ത് സ്ഥാപിച്ച ശിവശക്തി ദക്ഷിണേശ്വരി, വിനായകൻ, വീരഭദ്രൻ എന്നീ വിഗ്രഹങ്ങൾ പ്രാദേശിക അധികൃതർ നീക്കം ചെയ്തതിനെതിരെയാണ് കോടതിയെ സമീപിച്ചത്. കാർത്തിക്കിന്റെ വീട്ടിൽ നടന്ന ചില അസ്വാഭാവിക മരണങ്ങൾക്ക് കാരണം ഈ വിഗ്രഹപ്രതിഷ്ഠയാണെന്ന് ആരോപിച്ച് അയൽവാസികൾ നൽകിയ പരാതിയെത്തുടർന്നായിരുന്നു അധികൃതരുടെ നടപടി.
പൊതുജനങ്ങളിൽ ശാസ്ത്രീയമായ ചിന്ത വളർത്താൻ സംസ്ഥാനത്തിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. അല്ലാതെ പൊതുജനങ്ങളുടെ അന്ധവിശ്വാസങ്ങൾക്ക് അധികൃതർ വഴങ്ങിക്കൊടുക്കരുത്. ഒരു വ്യക്തിക്ക് തന്റെ സ്വകാര്യ പരിസരത്ത് വിഗ്രഹം വെക്കാനും ആരാധിക്കാനും സുഹൃത്തുക്കളെ ക്ഷണിക്കാനും അവകാശമുണ്ട്. സമാധാനപരമായുള്ള ഈ പ്രവൃത്തി തടയാൻ മറ്റുള്ളവർക്ക് അവകാശമില്ല.
വിഗ്രഹങ്ങൾ ഹർജിക്കാരന് ഉടനടി തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. എന്നാൽ, പൂജകളിൽ ലൗഡ്‌സ്പീക്കറുകൾ ഉപയോഗിക്കാനോ ശബ്ദമലിനീകരണം ഉണ്ടാക്കാനോ പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കാനോ പാടില്ലെന്ന് കോടതി കർശന വ്യവസ്ഥകൾ വെച്ചു. വിഗ്രഹങ്ങൾ തിരികെ നൽകാൻ വൈകിയതിനെത്തുടർന്ന് കാർത്തിക് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നു. വിഗ്രഹങ്ങൾ വീണ്ടും സ്ഥാപിച്ചാൽ സ്വത്തുക്കൾ നശിപ്പിക്കുമെന്ന് അയൽവാസികൾ ഭീഷണിപ്പെടുത്തുന്നതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തഹസിൽദാർ ഓഫീസിൽ നിന്ന് വിഗ്രഹങ്ങൾ ശേഖരിക്കാനും അവ പുനഃസ്ഥാപിക്കാനും കോടതി നിർദ്ദേശിച്ചു.