25 പേരുടെ ജീവനെടുത്ത ഗോവ നിശാക്ലബ് തീപിടിത്തം: ക്ലബ് ഉടമകൾ തായ്‌ലാൻഡിൽ അറസ്റ്റിൽ | Fire

ഇവർ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു
25 പേരുടെ ജീവനെടുത്ത ഗോവ നിശാക്ലബ് തീപിടിത്തം: ക്ലബ് ഉടമകൾ തായ്‌ലാൻഡിൽ അറസ്റ്റിൽ | Fire
Updated on

ന്യൂഡൽഹി: ഗോവ റോമിയോ ലെയ്‌നിലെ ബിർച്ച് ക്ലബിലുണ്ടായ തീപ്പിടിത്തത്തിൽ 25 പേർ മരിച്ച സംഭവത്തിൽ ഒളിവിൽ പോയ ക്ലബ് ഉടമകളെ തായ്‌ലാൻഡിൽ വെച്ച് അറസ്റ്റ് ചെയ്തു. സഹോദരന്മാരായ സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവരാണ് തായ്‌ലാൻഡിൽ പിടിയിലായത്.(Goa nightclub fire, Club owners arrested in Thailand)

കഴിഞ്ഞ ശനിയാഴ്ചയാണ് 25 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപ്പിടിത്തമുണ്ടായതിന് മണിക്കൂറുകൾക്ക് ശേഷം തന്നെ സഹോദരങ്ങൾ ഡൽഹിയിൽനിന്ന് വിമാനമാർഗം രാജ്യം വിടുകയായിരുന്നു. ഡിസംബർ 7 ന് പുലർച്ചെ 1:17 ന് ഇവർ തായ്‌ലാൻഡിലേക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്തതായി പോലീസ് കണ്ടെത്തി.

ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും ഇൻ്റർപോൾ ബ്ലൂ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഭയന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ വിസമ്മതിച്ച ലൂത്ര സഹോദരങ്ങൾ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. ക്ലബിലെ ദൈനംദിന കാര്യങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നും ഇത് ബിസിനസ് മീറ്റിങ്ങിനായുള്ള യാത്രയാണെന്നുമായിരുന്നു ഇവരുടെ വാദം.

എങ്കിലും, ഇവരെ കസ്റ്റഡിയിലെടുത്ത് വിചാരണയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഗോവ പോലീസ് സംഘം ഉടൻ തായ്‌ലാൻഡിലേക്ക് പോകുമെന്നാണ് സൂചന. ക്ലബിൻ്റെ സഹ ഉടമയായ അജയ് ഗുപ്തയെ ചൊവ്വാഴ്ച ഡൽഹിയിൽ വെച്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗോവ പോലീസിൻ്റെ എഫ്.ഐ.ആർ അനുസരിച്ച് ബിർച്ച് ക്ലബിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്.

എക്‌സ്റ്റിങ്ഗ്യൂഷറുകൾ, അലാറങ്ങൾ തുടങ്ങിയ അടിസ്ഥാന അഗ്നിസുരക്ഷാ സംവിധാനങ്ങളോ ഫയർ ഓഡിറ്റ് രേഖകളോ ക്ലബിൽ ഉണ്ടായിരുന്നില്ല. ഉടമകൾ, മാനേജർ, ഇവൻ്റ് ഓർഗനൈസർ എന്നിവർ ദുരന്തത്തിന് കാരണമായേക്കാവുന്ന അപകടങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നിട്ടും യാതൊരുവിധ മുൻകരുതലുകളും സ്വീകരിച്ചില്ല. ക്ലബിൽ എമർജൻസി എക്സിറ്റുകൾ ഇല്ലാതിരുന്നത് പല അതിഥികളും തീയിൽ അകപ്പെടാൻ കാരണമായെന്നും എഫ്.ഐ.ആറിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com