പനാജി : 25 പേർ കൊല്ലപ്പെട്ട ഗോവ നിശാക്ലബ്ബിലെ തീപ്പിടിത്തത്തവുമായി ബന്ധപ്പെട്ട് ക്ലബ് മാനേജരെയും 3 ജീവനക്കാരെയും അറസ്റ്റു ചെയ്തു. റോമിയോ ലേനിന്റെ കീഴിലുള്ള മറ്റു ക്ലബ്ബുകൾ സീൽ ചെയ്തതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ഇത്തരത്തിലുള്ള നിയമപരമല്ലാത്ത ക്ലബ്ബുകളെ സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും പ്രമോദ് സാവന്ത് കൂട്ടിച്ചേർത്തു.
ക്ലബ്ബ് ഉടമ, മാനേജർ, പരിപാടിയുടെ സംഘാടകർ, ഗ്രാമമുഖ്യൻ എന്നിവർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ രാത്രിയാണ് ഗോവ ബാഗ ബീച്ചിലെ നൈറ്റ് ക്ലബ്ബിൽ ആഘോഷ പരിപാടികൾക്കിടെ തീപിടിത്തമുണ്ടായത്.
മതിയായ സുരക്ഷാ സംവിധാനങ്ങളോ ശ്രദ്ധയോ ഇല്ലാതെ ക്ലബ്ബിൽ ഫയർ ഷോ സംഘടിപ്പിച്ചെന്ന് എഫ്ഐആറിൽ പറയുന്നു.പരിപാടി നടക്കുന്നിടത്ത് പടക്കം പൊട്ടിച്ചതാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. താഴെയുള്ള ഭാഗത്തായിരുന്നു അടുക്കള ഉണ്ടായിരുന്നത്.
ഡിജെ പാർട്ടി നടക്കുന്നിടത്തുണ്ടായ തീപ്പിടിച്ചതിനു പിന്നാലെ ചിലർ അടുക്കളയിലേക്ക് ഓടി. 14 ജീവനക്കാരും 4 വിദേശികളും ഉൾപ്പെടെയാണ് 25 പേർ തീപ്പിടിത്തത്തിൽ മരിച്ചത്. പൊള്ളലേറ്റും ശ്വാസംമുട്ടിയുമാണ് ഇവരുടെ അന്ത്യം.