പനാജി: ഗോവയിലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. 50 അംഗ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന മത്സരത്തിൽ ബിജെപി-എംജിപി സഖ്യം 31 സീറ്റുകൾ നേടി അധികാരം നിലനിർത്തി. വടക്കൻ ഗോവയിൽ 19 സീറ്റുകളും തെക്കൻ ഗോവയിൽ 13 സീറ്റുകളുമാണ് സഖ്യം സ്വന്തമാക്കിയത്.(Goa District Panchayat Elections, BJP wins)
തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് വലിയ വെല്ലുവിളി ഉയർത്താൻ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് സാധിച്ചു. കഴിഞ്ഞ തവണ വെറും 4 സീറ്റുകളിൽ ഒതുങ്ങിയ കോൺഗ്രസ് ഇത്തവണ സീറ്റുകളുടെ എണ്ണം 10 ആയി ഉയർത്തി. പ്രത്യേകിച്ച് തെക്കൻ ഗോവയിൽ പാർട്ടി വലിയ മുന്നേറ്റമാണ് നടത്തിയത്. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ ഫലം പ്രവർത്തകർക്ക് വലിയ ആവേശം നൽകുന്നുണ്ടെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.
ആം ആദ്മി പാർട്ടി ഒരു സീറ്റ് നിലനിർത്തിക്കൊണ്ട് സാന്നിധ്യം ഉറപ്പിച്ചു. റെവല്യൂഷണറി ഗോവൻസ് പാർട്ടി ആദ്യമായി ജില്ലാ പഞ്ചായത്തിൽ അക്കൗണ്ട് തുറന്ന് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഗോവ ഫോർവേഡ് പാർട്ടി ഒരു സീറ്റിൽ വിജയിച്ചു.
മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലാണ് ബിജെപി സഖ്യം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണവിരുദ്ധ വികാരത്തെ അതിജീവിച്ച് നേടിയ ഈ വിജയം സദ്ഭരണത്തിനുള്ള അംഗീകാരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇത്തവണ ഗോവയിൽ 70.8 ശതമാനം എന്ന റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയതും തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയായിരുന്നു.