
ഗോ ഇ.സി ഓട്ടോടെക് ഹെഡ്ക്വാർട്ടേഴ്‌സ് ബെംഗളൂരുവിൽ ആരംഭിച്ചു. ബൊമ്മനഹള്ളി മണ്ഡലം എം.എൽ.എ എം. സതീഷ് റെഡ്ഡി ഉദ്‌ഘാടനം ചെയ്തു. ഇന്ത്യയിലെ ഇലക്ട്രിക് വാഹന (EV) വിപണി ശക്തിപ്പെടുത്തുക, ചാർജിംഗ് ഇൻഫ്രാസ്റ്റ്രക്ചർ വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹെഡ്ക്വാർട്ടേഴ്‌സ് പ്രവർത്തനമാരംഭിച്ചത്.
ഭാവിയിലെ ഗതാഗത മേഖല സുസ്ഥിരമായ പരിഹാരങ്ങളിലൂടെയാണ് മുന്നേറുകയെന്ന് ഗോ ഇ.സി ഹെഡ്ക്വാർട്ടേഴ്‌സ് ഉദ്‌ഘാടനം നിർവഹിച്ച ബൊമ്മനഹള്ളി മണ്ഡലം എം.എൽ.എ എം. സതീഷ് റെഡ്ഡി പറഞ്ഞു. പുതിയ 350 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന ഈ പദ്ധതിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും, ജനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകുകയും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവർത്തനം അതിവേഗത്തിൽ സാധ്യമാക്കുന്നതിനും ഈ പദ്ധതിയിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവിലെ ഹെഡ്ക്വാർട്ടേഴ്‌സ് ഉദ്ഘാടനം, ഇ.വി ചാർജിംഗ് മേഖലയുടെ മുൻനിരയിലേക്കുള്ള ഗോ ഇ.സിയുടെ ഒരു പ്രധാന ചുവടുവെപ്പാണെന്നും, പുതുതായി ആരംഭിക്കാനിരിക്കുന്ന ചാർജിംഗ് സ്റ്റേഷൻ നെറ്റ്‌വർക്കിലൂടെ കർണാടക, കേരളം, മറ്റ് ദക്ഷിണേന്ത്യൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഇ.വി ഉപയോഗം എളുപ്പവും സുലഭവുമായിരിക്കുമെന്ന് ഉറപ്പാക്കുന്നതിൽ ഗോ ഇ.സി പ്രതിജ്ഞാബദ്ധരാണെന്നും ഗോ ഇ.സി സി.ഇ.ഒ പി.ജി. റാംനാഥ് പറഞ്ഞു.
അടുത്ത ഒരു വർഷത്തിനുള്ളിൽ കര്‍ണാടകയിൽ 350 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും ദക്ഷിണേന്ത്യയിൽ 1,000 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളിലേക്കും സേവനം വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുവാനും ജനങ്ങൾക്ക് വിശ്വസനീയമായ ചാർജിംഗ് സൗകര്യം ലഭ്യമാക്കുവാനും സാധിക്കും. കൂടാതെ, ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുന്നതിലും അതുവഴി കൂടുതൽപേരെ ഇ.വി സ്വന്തമാക്കുവാൻ പ്രോത്സാഹിപ്പിക്കുന്നതിലും കമ്പനി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഗോ ഇ.സി സി.എം.ഡി എ.പി. ജാഫർ, ഗോ ഇ.സി ബിസിനസ് ഡെവലപ്പ്മെന്റ് ഡയറകടർമാരായ സുനീർ പി, അനീഷ് പട്ടാലി, കെ.പി.സി.സി. പ്രസ് സ്പോക്‌സ്പേഴൺ പ്രസാദ് ഗൗഡ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.