പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ആർ.ജെ.ഡി. സ്ഥാപകൻ ലാലു പ്രസാദ് യാദവിൻ്റെ കുടുംബത്തിനുള്ളിലെ പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. പിതാവിന് വൃക്ക ദാനം ചെയ്തതിൻ്റെ പേരിൽ തനിക്കെതിരെ കുടുംബാംഗങ്ങൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതായി ലാലുവിൻ്റെ മകൾ രോഹിണി ആചാര്യ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി.(Given a dirty kidney for money and a seat, Serious allegations against Lalu's daughter in the family)
2022-ൽ പിതാവ് ലാലു പ്രസാദ് യാദവിന് വൃക്ക ദാനം ചെയ്തതിൻ്റെ പേരിൽ താൻ അപമാനിക്കപ്പെട്ടതായി എക്‌സിലെ ദീർഘമായ കുറിപ്പിലൂടെ രോഹിണി ആരോപിച്ചു. "ഇന്നലെ എന്നെ ശപിച്ചു. ഞാൻ വൃത്തികെട്ടവളാണെന്ന് പറഞ്ഞു. അച്ഛന് വൃക്ക നൽകിയതിന് പകരമായി കോടിക്കണക്കിന് രൂപയും സീറ്റും വാങ്ങിയെടുത്തെന്ന് പറഞ്ഞു. എന്നിട്ട് ആ വൃത്തികെട്ട വൃക്ക അദ്ദേഹത്തിന് നൽകിയെന്നും പറഞ്ഞു," രോഹിണി ആരോപിച്ചു.
വൃക്ക ദാനം ചെയ്തതിൻ്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന അപമാനം മറ്റു പെൺമക്കൾക്ക് ഉണ്ടാകരുത് എന്നും രോഹിണി കുറിച്ചു. "വിവാഹിതകളായ പെൺമക്കളോടും സഹോദരിമാരോടും ഞാൻ പറയുകയാണ്. നിങ്ങളുടെ അമ്മവീട്ടിൽ മകനോ സഹോദരനോ ഉണ്ടെങ്കിൽ, ദൈവതുല്യനായ പിതാവിനെ രക്ഷിക്കാൻ പോകരുത്. പകരം നിങ്ങളുടെ സഹോദരനോടോ, അല്ലെങ്കിൽ വീട്ടിലെ മകനോടോ അയാളുടെയോ അല്ലെങ്കില്‍ അയാളുടെ ഹരിയാണക്കാരനായ സുഹൃത്തുക്കളിലൊരാളുടെയോ വൃക്ക ദാനം ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യാൻ പറയണം." തൻ്റെ കുടുംബത്തിൻ്റെയും മൂന്ന് മക്കളുടെയും കാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നതും വൃക്ക ദാനംചെയ്യുന്നതിന് ഭർത്താവിനോടും ഭർത്താവിൻ്റെ മാതാപിതാക്കളോടും അനുവാദം തേടാതിരുന്നതും കൊടുംപാപമായി പോയെന്നും രോഹിണി വേദനയോടെ കുറിച്ചു.
ഇന്ന് പങ്കുവെച്ച മറ്റൊരു കുറിപ്പിൽ, കുടുംബാംഗങ്ങളിൽ നിന്ന് നേരിട്ട മറ്റ് പീഡനങ്ങളെക്കുറിച്ചും രോഹിണി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു: "ഇന്നലെ ഒരു മകൾ... അപമാനിക്കപ്പെടുകയും വൃത്തികെട്ട വാക്കുകൾകൊണ്ട് അധിക്ഷേപിക്കപ്പെടുകയും ചെയ്തു. എന്നെ അടിക്കാൻ ചെരിപ്പ് ഉയർത്തി. അവർ എന്നെ എൻ്റെ അമ്മവീട്ടിൽനിന്ന് പറിച്ചെറിഞ്ഞു. അവർ എന്നെ അനാഥയാക്കി. ഒരു കുടുംബത്തിലും രോഹിണിയെ പോലെ ഒരു മകളോ സഹോദരിയോ ഉണ്ടാകാതിരിക്കട്ടെ." ശനിയാഴ്ച, സഞ്ജയ് യാദവും റമീസും ആവശ്യപ്പെട്ടതനുസരിച്ച് താൻ രാഷ്ട്രീയവും കുടുംബവുമായുള്ള ബന്ധവും ഉപേക്ഷിക്കുകയാണെന്ന് രോഹിണി എക്‌സിലൂടെ പ്രഖ്യാപിച്ചിരുന്നു. ആർ.ജെ.ഡി.യുടെ രാജ്യസഭാ എം.പിയും സഹോദരൻ തേജസ്വി യാദവിൻ്റെ അടുത്ത അനുയായിയുമാണ് സഞ്ജയ് യാദവ്. ഡോക്ടർ കൂടിയായ രോഹിണി, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ സരണ്‍ മണ്ഡലത്തിൽനിന്ന് മത്സരിച്ചുവെങ്കിലും ബി.ജെ.പി.യുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടിരുന്നു.