വാഷിങ്ടണ്‍ : പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞയും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും മലയാളിയുമായ ഗീത ഗോപിനാഥ് ഐഎംഎഫ് വിടുന്നു.അധ്യാപന ജീവിതത്തിലേക്ക് മടങ്ങാനാണ് ഗീതയുടെ തീരുമാനം. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെ ഗീത ഗോപിനാഥ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റില്‍ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് അധ്യാപികയായി അവര്‍ തിരിച്ചെത്തും.
അമേരിക്കൻ പൗരത്വമുള്ള ഇന്ത്യൻ വംശജയായ ഗീത, 2019 ലാണ് ഐ എം എഫിലെത്തിയത്. ചീഫ് ഇക്കണോമിസ്റ്റായി ജോലിയിൽ പ്രവേശിച്ച ഗീത, 2022ൽ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതയായി. ഈ പദവിയിലെത്തിയ ആദ്യ വനിത എന്ന ഖ്യാതിയും ഇതോടെ ഗീതക്ക് സ്വന്തമായിരുന്നു.
കണ്ണൂര്‍ സ്വദേശിനിയായ ഗീത, ഒന്നാം പിണറായി സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായി അവര്‍ സൗജന്യ സേവനമനുഷ്ടിച്ചിരുന്നു.ലോകത്തെയാകെ വിറപ്പിച്ച കൊവിഡ് മഹാമാരി കാലത്ത് ഗീതയുടെ സംഭാവനകൾ വളരെ വലുതായിരുന്നുവെന്നാണ് ഐ എം എഫ് വാർത്താക്കുറിപ്പിലൂടെ വിശേഷിപ്പിച്ചത്.