
ഡൽഹി ∙ ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ വിവാഹ ചടങ്ങിൽ നിന്ന് തട്ടിക്കൊണ്ടുപോയി നാലു പേർ കൂട്ടബലാത്സംഗം ചെയ്തു. വിശാഖപട്ടണത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
ജൂണ്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗ്രാമത്തിലെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് 14-ഉം, 15-ഉം വയസുള്ള പെണ്‍കുട്ടികളെ യുവാക്കള്‍ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ തങ്ങളെയും ആക്രമിച്ചുവെന്നും പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അതേസമയം, അന്വേഷണത്തില്‍ പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പ്രതികളില്‍ ഒരാളെ നേരത്തേ പരിചയമുണ്ടായിരുന്നെന്ന് വ്യക്തമായതായി പോലീസ് പറയുന്നു. ഇവര്‍ ഒരേ ഗ്രാമത്തില്‍ ഉള്ളവരാണ്. ഈ പരിചയംവെച്ചാണ് പ്രതി കുട്ടികളെ കല്യാണവീടിന് പുറത്തേക്ക് കൊണ്ടുപോയത്.ഈ സമയം പ്രതിക്കൊപ്പം ഒരു സുഹൃത്ത് മാത്രമാണ് ഉണ്ടായിരുന്നത്.
വഴിയില്‍ നിന്നാണ് മറ്റു രണ്ടു പ്രതികള്‍കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നത്. പിന്നാലെ പെണ്‍കുട്ടികളെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വിവാഹ വീട്ടില്‍ നിന്ന് അല്‍പം മാറി വിജനമായ ഒരിടത്തുനിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയതെന്ന് ബന്ധുക്കളും പറയുന്നു.