honor killing

തലയറുത്ത നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കനാലിൽ; ദുരഭിമാനക്കൊലയെന്ന് പൊലീസ് | honor killing

സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും സഹോദരനും അറസ്റ്റിൽ
Published on

യുപി: തലയറുത്ത നിലയിൽ ഷീറ്റിൽ പൊതിഞ്ഞ പെൺകുട്ടിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ദാദ്രി സ്വദേശിയായ തനിഷ്ക (ആസ്ത–17) ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് മീററ്റിലെ കനാലിൽനിന്നു തലയറുത്ത നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ തനിഷ്കയുടെ അമ്മ രാകേഷ് ദേവിയെയും ഇളയ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. തനിഷ്കയുടെ പ്രണയബന്ധം അറിഞ്ഞതിനു പിന്നാലെയാണ് ദുരഭിമാനക്കൊലയെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

തനിഷ്‌ക ധരിച്ചിരുന്ന സൽവാറിലെ പോക്കറ്റിൽനിന്നു കണ്ടെത്തിയ കടലാസിൽ ഒരാളുടെ പേരും മൊബൈൽ നമ്പറും എഴുതിയിരുന്നു. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് തനിഷ്കയാണെന്നു പൊലീസ് തിരിച്ചറിഞ്ഞത്. എട്ടുമാസം മുൻപ് സമൂഹമാധ്യത്തിലൂടെ തനിഷ്ക പരിചയപ്പെട്ട വികാസ് എന്ന യുവാവിന്റെ ഫോൺ നമ്പറായിരുന്നു അത്. പൊലീസ് വികാസിനെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തു. തനിഷ്കയുമായി പ്രണയത്തിലായിരുന്നെന്നും ബന്ധത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെന്നും വികാസ് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

വികാസുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. ഈ മാസം 4നു അമ്മയും അനിയനും ചേർന്ന് തനിഷ്കയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതിനുശേഷം മൃതദേഹത്തിന്റെ തലയറുത്ത്, ഒരു ഷീറ്റിൽ പൊതിഞ്ഞ് ചില ബന്ധുക്കളുടെ സഹായത്തോടെ കനാലിലേക്ക് വലിച്ചെറിഞ്ഞു. തല മറ്റൊരു സ്ഥലത്തു സംസ്കരിക്കുകയും ചെയ്തു. തല സംസ്കരിക്കാൻ സഹായിച്ചതിന് ബന്ധുക്കളായ മോനു, കമൽ സിങ്, സമർ സിങ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പ്രതിയായ ഗൗരവിനായി തിരച്ചിൽ തുടരുന്നു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന അരിവാളും മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോയ വെളുത്ത കാറും കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Times Kerala
timeskerala.com