
മുംബൈ : മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് മോക്ക് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന് പെൺകുട്ടിക്ക് പിതാവിന്റെ ക്രൂരമര്‍ദനം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി മരണപ്പെട്ടു. മഹാരാഷ്ട്രയിലെ സാംഗ്‌ലിയിലാണ് അതിക്രൂരമായ സംഭവം നടന്നത്.
സാധനാ ഭോണ്‍സ്‌ലെ എന്ന പതിനേഴുകാരിയാണ് പിതാവ് ധോന്ദിറാം ഭോണ്‍സ്‌ലെയുടെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ചത്.മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരിശീലനത്തിന്റെ ഭാഗമായുള്ള മോക്ക് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതാണ് പ്രകോപനത്തിന് കാരണം.
വടി ഉപയോഗിച്ചായിരുന്നു വെള്ളിയാഴ്ച രാത്രി സാധനയെ ധോന്ദിറാം മര്‍ദിച്ചത്. ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ശനിയാഴ്ച പെൺകുട്ടിയെ അമ്മ പ്രീതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പെൺകുട്ടി മരിച്ചു.
മാര്‍ക്ക് കുറഞ്ഞതിനാല്‍ സാധനയെ പിതാവ് ക്രൂരമായി മര്‍ദിച്ചിരുന്നെന്ന് വ്യക്തമാക്കി അമ്മ പോലീസില്‍ പരാതി നല്‍കി. ജൂണ്‍ 22-ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ധോന്ദിറാമിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിന്‍സിപ്പാളാണ് ധോന്ദിറാം.