

ഗ്വാളിയോർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലെ ക്ലാസ് മുറിയിൽ ഇണചേരുന്ന രണ്ട് കൂറ്റൻ പാമ്പുകളുടെ ദൃശ്യം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. രാവിലെ സ്കൂളിലെത്തിയ വിദ്യാർത്ഥികളാണ് ക്ലാസ് മുറിക്കുള്ളിൽ പാമ്പുകൾ കെട്ടിപ്പിണഞ്ഞ് നൃത്തം ചെയ്യുന്നത് പോലുള്ള കാഴ്ച കണ്ടത്.
ഗ്വാളിയോറിലെ ഭിതർവാർ പ്രദേശത്തെ ബമറോൾ ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് സംഭവം.പ്രദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, ഇത് മൂർഖൻ പാമ്പുകളാണ് (Cobras).ക്ലാസുകൾ പുരോഗമിക്കുന്നതിനിടെയാണ് പാമ്പുകളെ കണ്ടത്. നൃത്തം ചെയ്യുന്നത് പോലെ ഇണചേരുന്നത് കണ്ട് ഭയന്നുപോയ കുട്ടികൾ ക്ലാസ് മുറിയിൽ നിന്നും നിലവിളിച്ചുകൊണ്ട് ഓടി രക്ഷപ്പെട്ടു.പരിഭ്രാന്തരായ കുട്ടികളെ കണ്ട് അധ്യാപകർ ക്ലാസ് മുറിയിൽ എത്തുകയും, ഉടൻ തന്നെ ആ ക്ലാസിൽ ഉണ്ടായിരുന്ന മുഴുവൻ വിദ്യാർത്ഥികളെയും ഒഴിപ്പിച്ച് മറ്റ് ക്ലാസ് മുറികളിലാക്കി പൂട്ടിയിടുകയും ചെയ്തു.
പാമ്പുകൾ പരസ്പരം കെട്ടിവരിഞ്ഞ് ഉയർന്നുപൊങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ സ്കൂൾ ജീവനക്കാർ പകർത്തിയിരുന്നു, ഇത് ഇപ്പോൾ വൈറലാണ്.
ഏതാണ്ട് അരമണിക്കൂറോളം നേരം സ്കൂളിൽ പരിഭ്രാന്തിയുടെ നിമിഷങ്ങളായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.പാമ്പുകൾ പിന്നീട് ക്ലാസ് മുറിയിൽ നിന്നും പുറത്തേക്ക് ഇഴഞ്ഞുപോയെന്നാണ് റിപ്പോർട്ടുകൾ. അവയെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിവരമില്ല.