

ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആറുവയസ്സുകാരിക്ക് നേരെ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരത. കളിക്കുന്നതിനിടെ വസ്ത്രത്തിൽ ചെളിപറ്റിയെന്നാരോപിച്ച് പിതാവ് അക്രമും രണ്ടാനമ്മ നിഷയും ചേർന്ന് മർദ്ദിച്ചുകൊന്ന ഷിഫ എന്ന ആറുവയസ്സുകാരിയുടെ വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഗാസിയാബാദിലെ ദസ്ന മേഖലയിലാണ് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്.
റോഡിൽ കളിച്ചുകൊണ്ടിരുന്ന ഷിഫ അബദ്ധത്തിൽ അഴുക്കുചാലിലേക്ക് വഴുതിവീണതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചെളി പുരണ്ട വസ്ത്രങ്ങളുമായി വീട്ടിലെത്തിയ കുട്ടിയെ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. തുടർന്ന് കഠിനമായ തണുപ്പിൽ വീടിന്റെ മേൽക്കൂരയിൽ കുട്ടിയെ നിർത്തുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയോടെയാണ് ഷിഫ മരണത്തിന് കീഴടങ്ങിയത്.
അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി വ്യക്തമാക്കുന്നു. ഷിഫയുടെ വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ടെന്നും ശരീരത്തിൽ 13-ഓളം മുറിവുകളുണ്ടെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രിയ ശ്രീ പാൽ അറിയിച്ചു.
സംഭവത്തിൽ അക്രമിനെയും നിഷയെയും പോലീസ് അറസ്റ്റ് ചെയ്തു. അക്രമിന്റെ ആദ്യഭാര്യ തരാനയിലുള്ള മകളാണ് ഷിഫ. മൂന്ന് വർഷം മുൻപ് തരാന മരിച്ചതിനെ തുടർന്ന് രണ്ട് വർഷം മുൻപാണ് അക്രം നിഷയെ വിവാഹം ചെയ്തത്. ആദ്യ ബന്ധത്തിൽ അക്രമിന് മൂന്ന് കുട്ടികളുണ്ട്.