ന്യൂഡൽഹി: ഇന്ത്യയുടെ ഇസ്രായേൽ അനുകൂല നിലപാടിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി. ഗസ്സയിലെ പൗരസംരക്ഷണത്തിനായുള്ള യുഎൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നത് ലജ്ജാകരവും നിരാശാജനകവുമാണെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു.
"ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000 പേർ ഇതിനകം കൊല്ലപ്പെട്ടു. എന്നിട്ടും ഇന്ത്യ ഒരു നിലപാടും സ്വീകരിക്കുന്നില്ല. ഇറാനിൽ ആക്രമണം നടത്തുകയും കൂട്ടക്കൊല നടത്തുകയും ചെയ്യുമ്പോൾ സന്തോഷിക്കരുത്. മുൻകാലങ്ങളിലേതുപോലെ നിലപാട് എടുക്കാൻ തയാറാകണം. മനുഷ്യത്വത്തിനും അക്രമരാഹിത്യത്തിനും വേണ്ടി നിലകൊള്ളണം." - പ്രിയങ്ക എം പി പറഞ്ഞു.
"ഭരണഘടനയുടെ തത്വങ്ങളും സ്വാതന്ത്ര്യ സമരത്തിൻ്റെ മൂല്യങ്ങളും ഇന്ത്യക്ക് എങ്ങനെ ഉപേക്ഷിക്കാൻ കഴിയും? കൊളോണിയൽ വിരുദ്ധ പാരമ്പര്യത്തിൽ നിന്നുള്ള പിന്നോട്ടു പോക്കാണിത്. നെതന്യാഹു ഒരു രാഷ്ട്രത്തെ മുഴുവൻ ഉന്മൂലനം ചെയ്യുമ്പോൾ, നമ്മുടെ രാജ്യം നിശബ്ദത പാലിക്കുന്നു. ഗസ്സ വിഷയത്തിൽ ഇന്ത്യ മൗനം പാലിക്കുക മാത്രമല്ല, ഇറാനെ ഇസ്രയേൽ ആക്രമിക്കുമ്പോൾ ആഹ്ലാദിക്കുകയും ചെയ്യുന്നു." - പ്രിയങ്ക കുറ്റപ്പെടുത്തി.
നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടും. യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.