മുംബൈ: രാജ്യം ചർച്ച ചെയ്ത ഗൗരി ലങ്കേഷ് കൊലപാതകക്കേസിലെ പ്രതിയായ ശ്രീകാന്ത് പങ്കാർക്കർ ജൽന മുനിസിപ്പൽ കോർപ്പറേഷനിലെ 13-ാം വാർഡിൽ നിന്ന് വിജയിച്ചു. ബിജെപിയുടേതടക്കമുള്ള സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി 2,621 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പങ്കാർക്കർ കൗൺസിലറായി മാറിയത്. (Gauri Lankesh murder case accused Shrikant Pangarkar wins Jalna civic poll as Independent)
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേന വിഭാഗം ഈ വാർഡിൽ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. 2001-2006 കാലഘട്ടത്തിൽ അവിഭക്ത ശിവസേനയുടെ കോർപ്പറേറ്ററായിരുന്ന പങ്കാർക്കർ, പിന്നീട് ഹിന്ദു ജൻജാഗൃതി സമിതിയിൽ ചേർന്നു. ഈയിടെ ഏകനാഥ് ഷിൻഡെയുടെ ശിവസേനയിൽ ചേർന്നുവെങ്കിലും പ്രതിഷേധങ്ങളെത്തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെയാണ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്.
2017 സെപ്റ്റംബർ 5-ന് ബംഗളൂരുവിൽ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിൽ പങ്കാർക്കർ വിചാരണ നേരിടുകയാണ്. കൂടാതെ, 2018-ൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളും കൈവശം വെച്ചതിന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 2024 സെപ്റ്റംബറിലാണ് കർണാടക ഹൈക്കോടതി പങ്കാർക്കർക്ക് ജാമ്യം അനുവദിച്ചത്. തനിക്കെതിരെ ഇതുവരെ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നും നിയമനടപടികൾ തുടരുകയാണെന്നുമാണ് ഇയാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.