ന്യൂഡൽഹി : രാജ്യം ഭീകരതയ്‌ക്കെതിരെയും സത്യത്തിനു വേണ്ടിയും സർക്കാരിനൊപ്പം നിൽക്കുന്നുവെന്ന് പറഞ്ഞ് പ്രതിപക്ഷ എം പി ഗൗരവ് ഗൊഗോയ്. “ഞങ്ങൾ ശത്രുക്കളല്ല, ഞങ്ങൾ ഞങ്ങളുടെ രാജ്യത്തിനും സായുധ സേനയ്ക്കും അനുകൂലമാണ്, പക്ഷേ നിങ്ങൾ ഞങ്ങളോട് സത്യം പറയേണ്ടതുണ്ട്,” അദ്ദേഹം പറയുന്നു.(Gaurav Gogoi in Parliament )
നുണകളുടെയും വഞ്ചനയുടെയും പേരിൽ തങ്ങൾ സർക്കാരിനെ ചോദ്യം ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് വെടിനിർത്തലിന്റെ കാരണം അറിയാൻ തങ്ങൾ ആഗ്രഹിച്ചുവെന്നും ഗൗരവ് ഗൊഗോയ് വ്യക്തമാക്കി.
“വ്യാപാരത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇന്ത്യയെയും പാകിസ്ഥാനെയും വെടിനിർത്തലിന് നിർബന്ധിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 26 തവണ അവകാശപ്പെട്ടിട്ടുണ്ട്, ഇതിന് പിന്നിലെ സത്യം ഞങ്ങൾക്ക് അറിയണം,” ഗൊഗോയ് ആവശ്യപ്പെട്ടു.
പഹൽഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം ഇന്ത്യയുടെ അന്താരാഷ്ട്ര നയതന്ത്രത്തെയും അദ്ദേഹം ചോദ്യം ചെയ്തു. “എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് പാകിസ്ഥാനുള്ള ഐഎംഎഫ് സഹായം തടയാൻ കഴിയാത്തത്?” അദ്ദേഹം ചോദിച്ചു.
ജമ്മു കശ്മീരിൽ ഇന്ത്യക്കാർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത് നിലവിലെ സർക്കാരിന്റെ കാലത്താണ് എന്ന് ഗൗരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി. പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടലുകളിൽ ഇന്ത്യയ്ക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് വാർത്താ ഏജൻസിയെ അപ്‌ഡേറ്റ് ചെയ്ത ഇന്ത്യൻ സായുധ സേനയുടെ പ്രതിരോധ സ്റ്റാഫ് മേധാവി അനിൽ ചൗഹാന്റെ ബ്ലൂംബെർഗ് അഭിമുഖവും അദ്ദേഹം ഉദ്ധരിച്ചു.
പഹൽഗാം ആക്രമണം നടത്തിയ തീവ്രവാദികളെ കണ്ടെത്താനും പിടികൂടാനും സർക്കാരിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് ജനങ്ങൾക്ക് അറിയണം, ഗൗരവ് ഗൊഗോയ് പറയുന്നു. നൂറിലധികം ദിവസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ തീവ്രവാദികളെക്കുറിച്ച് ഒരു വിവരവും നൽകാത്തത് എന്തുകൊണ്ടാണ് ഏന് അദ്ദേഹം ചോദിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചും അദ്ദേഹം ചോദ്യമുന്നയിച്ചു. താഴ്‌വരയിലെ വിനോദസഞ്ചാരികൾക്ക് സർക്കാർ സുരക്ഷ വാഗ്ദാനം ചെയ്യുകയും അവരെ സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു, പക്ഷേ പഹൽഗാം ആക്രമണത്തിൽ അവരെല്ലാം നിസ്സഹായരായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.