ഹൈദരാബാദ്: നിസാമാബാദ് ആശുപത്രിയിൽ വെച്ച് കുപ്രസിദ്ധ ഗുണ്ടയായ ഷെയ്ഖ് റിയാസിനെ പോലീസ് വെടിവച്ച് കൊന്നു. ഏറെക്കാലമായി തെലങ്കാന പോലീസ് റിയാസിനായി അന്വേഷണം നടത്തുകയായിരുന്നു.(Gangster shot dead by police in Hyderabad)
കഴിഞ്ഞ ഞായറാഴ്ച ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രമോദ് കുമാർ എന്ന പോലീസ് കോൺസ്റ്റബിൾ റിയാസിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് റിയാസിനെ പോലീസ് പിടികൂടുകയും ചെയ്തു.
വൈദ്യപരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ റിയാസ് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. ഇയാൾ തോക്ക് തട്ടിയെടുത്ത് വെടിയുതിർക്കുകയും ചെയ്തു. ഇതോടെ റിയാസിന് നേരെ പോലീസ് തിരിച്ചുവെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ ഒരു പോലീസ് കോൺസ്റ്റബിളിന് പരിക്കേറ്റു. അറുപതിലേറെ കേസുകളിൽ പ്രതിയാണ് റിയാസ്.
കൊല്ലപ്പെട്ട കോൺസ്റ്റബിൾ പ്രമോദിന്റെ കുടുംബത്തിന് തെലങ്കാന സർക്കാർ ഒരു കോടി രൂപ സഹായധനം പ്രഖ്യാപിച്ചു. വിരമിക്കുന്നത് വരെയുള്ള ആനുകൂല്യങ്ങളും കുടുംബത്തിന് നൽകുമെന്നും സർക്കാർ അറിയിച്ചു.