
ആരവല്ലി കുന്നുകൾക്കിടയിൽ പിങ്ക് നഗരമായ ജയ്പൂരിന്റെ ഹൃദയഭാഗത്ത് മറഞ്ഞിരിക്കുന്ന ഒരു ക്ഷേത്രമുണ്ട്, ആരെയും വിസ്മയിപ്പിക്കുന്ന ഗാൽതാജി ക്ഷേത്രം (Galtaji Temple). പ്രകൃതിയും ആത്മീയതയും ഒരുപോലെ സംഗമിക്കുന്ന ഇവിടം ജീവിതത്തിൽ ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട ക്ഷേത്രങ്ങളിൽ ഒന്ന് തന്നെയാണ്. ജയ്പൂർ നഗരത്തിന് കിഴക്കായി 10 കിലോമീറ്റർ അകലെയാണ് ഗാൽതാജി ക്ഷേത്രം സ്ഥിതി ചെയുന്നത്. ക്ഷേത്ര സമുച്ചയം നിരവധി ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ്, ഇവയിൽ മുഖ്യക്ഷേത്രം ഗാൽതാജിയാണ്. ആരവല്ലി കുന്നുകളിലെ ഒരു മലനിരയുടെ ഇടുങ്ങിയ വിള്ളലിനുള്ളിലാണ് ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. രാജസ്ഥാനിലെ കടുത്ത ചൂടിലും വറ്റാത്ത നിരവധി ചെറുകുളങ്ങൾ ക്ഷേത്രത്തിലെ ശ്രദ്ധേയമായ ഘടകമാണ്. പ്രാദേശികമായി ഈ ചെറു കുളങ്ങളെ കുണ്ഡങ്ങൾ (Kunds) എന്ന് അറിയപ്പെടുന്നു. ഈ കുളങ്ങളിൽ സ്നാനം ചെയ്താൽ പാപമോക്ഷം കൈവരിക്കുവാൻ സാധിക്കുമെന്നാണ് വിശ്വാസം.
ഗാൽതാജി ക്ഷേത്ര സമുച്ചയത്തിന് ചരിത്രപരമായി ഏറെ പ്രസക്തിയുണ്ട്. മഹാരാജ സവായ് ജയ് സിംഗ് രണ്ടാമന്റെ കൊട്ടാരത്തിലെ സഹായിയായിരുന്ന ദിവാൻ റാവു കൃപാരം ആണ് ക്ഷേത്രം പണിയുന്നത്. പതിനെട്ടാം നൂറ്റാണ്ടിലാണ് ക്ഷേത്ര സമുച്ചയം പണിതീർക്കുന്നത്. എന്നാൽ, പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ശ്രീ രാമാനന്ദൻ്റെ രാമാനന്ദ സമ്പ്രദായത്തിൽപ്പെട്ട ഹൈന്ദവ സന്യാസിമാരുടെ വിശ്രമകേന്ദ്രമായി ഇവിടം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. രാമാനന്ദി വിഭാഗത്തിലെ പ്രധാന ആചാര്യനും കവിയുമായിരുന്നു കൃഷ്ണദാസ് പൈഹാരി ഈ സ്ഥലത്തെ മുൻ യോഗികളെ മാറ്റി സ്ഥാപിച്ച്, ഗൽതാ ഗഡ്ഡിയുടെ (ആശ്രമത്തിന്റെ) തലവനായി സ്ഥാനമേറ്റു. ഇതിന്റെ തുടർച്ചയായി പൈഹാരി കൃഷ്ണദാസിന്റെ ആത്മീയ പശ്ചാത്തലവും ആരാധനാശൈലിയും രാജസ്ഥാനിലുടനീളം വ്യാപിച്ചു.
ക്ഷേത്രത്തിന്‍റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് അതിന്റെ ഏഴ് പുണ്യകുണ്ഡങ്ങളാണ്. മലകളിൽ നിന്നൊഴുകിയെത്തുന്ന പ്രകൃതിദത്ത നീരുറവകളുടെ ജലം ഒരിക്കലും വറ്റുകയില്ല. ഗാൽതാ കുണ്ട", "ഗൗതമ കുണ്ട", "രാമ കുണ്ട" എന്നിവ പ്രശസ്തമായ കുളങ്ങളാണ്. വിശേഷാൽ മകര സംക്രാന്തി ദിനങ്ങളിൽ ആയിരക്കണക്കിന് ഭക്തർ പുണ്യസ്നാനത്തിനായി ഇവിടേക്ക് എത്തുന്നു. ഗാൽതാജി ക്ഷേത്രം അതിന്റെ മനോഹരമായ വാസ്തുവിദ്യ ചാരുതയാലും ശില്പകല കൊണ്ടും ഏറെ പ്രശസ്തമാണ്. മുഗൾ രാജ്പുത് വസ്തുവിദ്യാശൈലികൾ ഇടകലർന്ന് ക്ഷേത്രത്തിന് മനോഹരമായ മിഴിവേകുന്നു. സങ്കീർണമായ കൊത്തുപണികൾ, വർണ്ണാഭമായ ഫ്രെസ്കോ ചിത്രങ്ങൾ, വൃത്താകൃതിയിലുള്ള മേൽക്കൂരകൾ എന്നിവ ക്ഷേത്രത്തിന് കൂടുതൽ പകിട്ടേകുന്നു.
ക്ഷേത്രത്തിലെത്തുന്ന ഭക്തർ ഒന്ന് കരുതിയിരിക്കണം, കാരണം ക്ഷേത്രം കൊള്ളക്കാരുടെ സങ്കേതമാണ്. ക്ഷേത്രത്തിൽ ഉടനീളം ഭക്തർക്ക് വലിയ കൂട്ടം റീസസ് കുരങ്ങുകളെ കാണുവാൻ സാധിക്കുന്നതാണ്. ക്ഷേത്രത്തിൽ നിരവധി കുരങ്ങുകൾ ഉള്ളതിനാൽ തന്നെ ക്ഷേത്രത്തെ 'ദി മങ്കി ടെമ്പിൾ' അല്ലെങ്കിൽ 'ഗാൽവാർ ബാഗ്' എന്നും അറിയപ്പെടുന്നു. സന്ദർശകരെ ആക്രമിച്ച് അവരുടെ സാധനങ്ങളും ഭക്ഷണവും കൊള്ളയടിക്കുന്നതിൽ കുപ്രസിദ്ധമാണ് ഇവിടുത്തെ കുരങ്ങുകൾ.