ന്യൂഡൽഹി: ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയർന്നിട്ടും ഇന്ത്യയിൽ സാധാരണക്കാരെ ബാധിക്കാത്ത വിധം വില നിയന്ത്രിക്കാൻ കേന്ദ്രത്തിന് സാധിച്ചുവെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ എൽ.പി.ജി വിതരണത്തിൽ 30 ശതമാനം തടസ്സം നേരിട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രാലയം അറിയിച്ചു.(Fuel price hike, Ministry of Petroleum provides explanation)
സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോ സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. ഇത് 913 രൂപയ്ക്ക് തന്നെ ലഭിക്കും. പദ്ധതി ഗുണഭോക്താക്കൾക്ക് 613 രൂപയ്ക്ക് സിലിണ്ടർ ലഭ്യമാക്കുന്നത് തുടരും. വാണിജ്യ എൽ.പി.ജി വിലയിൽ വർദ്ധനവുണ്ടായിട്ടുണ്ട്. എന്നാൽ ആകെ ഉപഭോഗത്തിന്റെ 10 ശതമാനം മാത്രമാണ് വാണിജ്യ സിലിണ്ടറുകൾ എന്നതിനാൽ ഇത് സാധാരണക്കാരെ നേരിട്ട് ബാധിക്കില്ല.
ഇന്ത്യയെ അപേക്ഷിച്ച് അയൽരാജ്യങ്ങളിൽ സിലിണ്ടർ വില കൂടുതലാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. പാകിസ്ഥാൻ: ₹1046, ശ്രീലങ്ക: ₹1242, നേപ്പാൾ: ₹1208 എന്നിങ്ങനെയാണ്. ആഗോള വിപണിയിൽ ഒരു മാസത്തിനിടെ ഇന്ധനവില ഇരട്ടിയായി വർദ്ധിച്ചിട്ടും ഇന്ത്യയിൽ വില വർദ്ധിപ്പിക്കാതെ പിടിച്ചുനിർത്തുകയാണെന്ന് മന്ത്രാലയം അവകാശപ്പെട്ടു. പ്രീമിയം പെട്രോൾ വില വർദ്ധനയെ മന്ത്രാലയം ന്യായീകരിച്ചു. ആകെ ഇന്ധന ഉപഭോഗത്തിന്റെ 5 ശതമാനം മാത്രമാണ് പ്രീമിയം പെട്രോൾ ഉപയോഗിക്കുന്നത്.

